
കൊച്ചി: വഴി തടഞ്ഞ് പരിപാടികള്‍ നടത്തിയതിനെതിരായ കോടതയിലക്ഷ്യ ഹര്‍ജിയില്‍ നേരിട്ട് ഹാജരായി നിരുപാധികം മാപ്പപേക്ഷിച്ച് രാഷ്ട്രീയ നേതാക്കള്‍. നടപ്പാതകള്‍ പ്രതിഷേധിക്കാനുള്ള ഇടമല്ലെന്ന് പറഞ്ഞ ജസ്റ്റിസുമാരായ അനില്‍ നരേന്ദ്രന് എസ് മുരളീകൃഷ്ണ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് ഇക്കാര്യത്തില്‍ മാപ്പപേക്ഷ പോരെന്നും അധിക സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചു
വഞ്ചിയൂരില്‍ റോഡ് അടച്ചുള്ള സിപിഎം ഏരിയ സമ്മേളനത്തിനെതിരായ കോടതിയലക്ഷ്യ ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെ, ഈ വിഷയവുമായി ബന്ധപ്പെട്ട മറ്റ് കേസുകള്‍ കൂടി പരിഗണിക്കുകയായിരുന്നു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മുന്‍ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്, സിപിഎം നേതാക്കള്‍, എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് തുടങ്ങിയവര്‍ നേരിട്ട് കോടതിയില്‍ ഹാജരായി. എല്ലാവരും നിരുപാധികം മാപ്പപേക്ഷിച്ചു. ചെയ്തത് തെറ്റാണെന്നും ഇനി ഇക്കാര്യം ആവര്‍ത്തിക്കില്ലെന്നും നേതാക്കള്‍ പറഞ്ഞു.
നടപ്പാതകള്‍ സമരങ്ങളും പ്രതിഷേധങ്ങളും നടത്താനുള്ളതല്ലെന്നും ആളുകള്‍ക്ക് സഞ്ചരിക്കാനുള്ളതാണെന്നും കോടതി വ്യക്തമാക്കി. കേസില്‍ ഈ നേതാക്കള്‍ ഇനി നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് പറഞ്ഞ കോടതി ഇവരോട് വ്യക്തിഗത സത്യവാങ്മൂലം നല്‍കാനും നിര്‍ദേശിച്ചു. ഇ വിഷയത്തില്‍ ഡിജിപി, തിരുവനന്തപുരം, കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍മാര്‍ നേരത്തെ മാപ്പ് അപേക്ഷിച്ച് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഇത് തൃപ്തികരമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അഡീഷണല്‍ സത്യവാങ് മൂലം നല്‍കാനും നിര്‍ദേശിച്ചു.
കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് ഇന്ന് കോടതിയില്‍ ഹാജരായില്ല. പകരം മറ്റന്നാള്‍ വൈകീട്ട് നാല് മണിക്ക് കോടതിയില്‍ ഹാജരാകും. ഇന്ന് നേരിട്ടുഹാജരാകുന്നതില്‍ നിന്ന് ഇളവുനല്‍കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി കോടതി അംഗീകരിക്കുകയായിരുന്നു. സിപിഎം തൃശ്ശൂര്‍ ജില്ലാ സമ്മേളനം നടക്കുന്നതിനാല്‍ പത്താം തീയതി നേരിട്ട് ഹാജരാകാന്‍ ബുദ്ധിമുട്ടുണ്ടെന്ന് എംവി ഗോവിന്ദന് നേരത്തെ കോടതിയെ അറിയിച്ചിരുന്നു.
Be the first to comment