തദ്ദേശ വകുപ്പില്‍ ഒഴിവുകള്‍ പൂര്‍ണമായി നികത്താതെ പിഎസ്‌സിയുടെ കടുംവെട്ട്

തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ വകുപ്പില്‍ ഒഴിവുകള്‍ പൂര്‍ണമായി നികത്താതെ പിഎസ്സിയുടെ കടുംവെട്ട്. അസിസ്റ്റന്റ് ടൗണ്‍ പ്ലാനര്‍ തസ്തികയില്‍ 32 ഒഴിവുകള്‍ ഉണ്ടായിട്ടും 20 പേരെ മാത്രമാണ് മുഖ്യപട്ടികയില്‍ ഉള്‍പ്പെടുത്തിയത്. 2017ല്‍ 197 പേര്‍ ഉണ്ടായിരുന്നിടത്താണ് ഈ കുറവ്. റാങ്ക് ലിസ്റ്റ് വിപുലീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗാര്‍ത്ഥികള്‍ രംഗത്തെത്തിയിട്ടുണ്ട്.

2021 നവംബറിലാണ് അസിസ്റ്റന്റ് ടൗണ്‍ പ്ലാനര്‍ തസ്തികയിലേക്ക് പിഎസ്‌സി വിജ്ഞാപനം വരുന്നത്. 2023 സെപ്റ്റംബര്‍ ഏഴിന് നടന്ന പരീക്ഷ എഴുതിയത് ഇരുപത്തിയേഴായിരത്തിലധികം പേരാണ്. എന്നാല്‍ ജനുവരി 31ന് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ മുഖ്യപട്ടികയില്‍ വെറും 20 പേര്‍ മാത്രമാണുണ്ടായിരുന്നത്. പട്ടിക പര്യാപ്തമല്ലെന്നും 2026നകം അസിസ്റ്റന്റ് ടൗണ്‍ പ്ലാനറുടെ 32 ഒഴിവുകള്‍ ഉണ്ടാകുമെന്നും കാണിച്ച് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ കഴിഞ്ഞ ഫെബ്രുവരി 14 പിഎസ്‌സിക്ക് കത്തയച്ചു.

പക്ഷേ ഇതവഗണിച്ച് മെയ് 15, 16, 17 തീയതികളില്‍ ചുരുക്കപ്പട്ടികയില്‍ ഉള്ളവരുടെ അഭിമുഖം നടത്തി. ജൂണ്‍ 11ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്തു. 2027 വരെ റാങ്ക് ലിസ്റ്റിന്റെ കാലാവധി ഉണ്ടായേക്കും. അതിനുള്ളില്‍ മുഖ്യപട്ടികയില്‍ ഉള്ളവര്‍ക്ക് നിയമന ശുപാര്‍ശ ലഭിച്ചാല്‍ റാങ്ക് പട്ടിക റദ്ദാവുകയും ഉപ പട്ടികയില്‍ ഉള്ളവരുടെ പ്രതീക്ഷകള്‍ അവസാനിക്കുകയും ചെയ്യും.

Be the first to comment

Leave a Reply

Your email address will not be published.


*