ബാധ്യത തീര്‍ക്കാന്‍ മറ്റുവഴിയില്ല; പൊതുമേഖലാ സ്ഥാപനത്തിന്‍റെ ഭൂമി വിൽക്കാൻ കേരള സർക്കാർ

കൊച്ചി: രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ പൊതുമേഖലാ സ്ഥാപനമായ കോട്ടയം ട്രാവൻകൂർ സിമന്‍റ്സ് ലിമിറ്റഡ് ഭൂമി വിൽക്കാൻ ഒരുങ്ങുന്നു. എറണാകുളം കാക്കനാട് വാഴക്കാലയിലുള്ള 2.79 ഏക്കർ സ്ഥലമാണ് വിൽപ്പനക്ക് വെച്ചത്. വ്യവസായ വകുപ്പിന്റെ അംഗീകാരം ലഭിച്ചതോടെ വില്പന പരസ്യം ദേശീയ,അന്തർദേശീയ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചു. സർക്കാർ വെബ്സൈറ്റായ ഇ ടെൻഡേഴ്സ് കേരളയിലും പരസ്യം നൽകിയിട്ടുണ്ട്.

ജനുവരി 29 വരെയാണ് ടെന്റർ നൽകാനുള്ള കാലാവധി. അടിസ്ഥാന വില 21 കോടി 70 ലക്ഷം ആയാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ കണ്ണായ ഭൂമി ആയതിനാൽ ഇതിലും കൂടുതൽ തുക വില്പനയിലൂടെ ലഭ്യമാകുമെന്നാണ് പ്രതീക്ഷ.

എന്നാൽ പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കുന്നതിനെതിരെ നിരന്തരം സമരം ചെയ്യുന്ന ഇടത് സർക്കാരിന്റെ കാർമികത്വത്തിൽ തന്നെ സംസ്ഥാനത്തെ ഒരു പൊതുമേഖലാ സ്ഥാപനത്തിന്‍റെ ഭൂമി വിൽക്കാനൊരുങ്ങുന്നത് രൂക്ഷമായ വിമർശനങ്ങൾക്കും വഴിവച്ചിട്ടുണ്ട്. സർക്കാരിനെതിരെ വിമർശനമുയർന്ന് കഴിഞ്ഞു.

കടം തീർക്കാൻ ഭൂമി വിൽക്കലല്ലാതെ മറ്റ് മാർഗമില്ലെന്നാണ് മാനേജ്മെന്‍റേയും സർക്കാരിന്‍റേയും നിലപാട്. തൊഴിലാളികളും സംയുക്ത ട്രേഡ് യൂണിയനും തീരുമാനത്തിനൊപ്പമായത് സർക്കാരിന് സഹായകരമായി. ഭൂമി വിൽക്കാൻ സർക്കാർ നേരത്തെ തന്നെ അനുമതി നൽകിയിരുന്നു.

കമ്പനിയുടെ ഏറ്റവും പ്രതാപകാലത്ത് 1984-ൽ വാങ്ങിതയതാണ് കാക്കനാട് വാഴക്കാലയിലെ ഭൂമി.വ്യവസായമന്ത്രി അന്ന് ഇ.അഹമ്മദ്. 40 വർഷത്തിനിപ്പുറം അതേ സ്ഥാപനത്തിന്‍റെ ബാധ്യത തീർക്കാൻ വിൽപ്പനയ്ക്ക് വെച്ചിരിക്കുകയാണ് ഭൂമി. അസംസ്കൃത വസ്തു വിതരണക്കാർക്ക് നൽകാനുള്ളത് 6 കോടി രൂപ,ജീവനക്കാരുടെ വിരമിക്കൽ ആനുകൂല്യങ്ങൾ,നിലവിലെ ജീവനക്കാരുടെ പിഎഫ് എന്നിവ ഉൾപ്പടെ എട്ട് കോടി,2010 മുതലുള്ള പാട്ട കുടിശികയും നികുതി കുടിശികയും 16 കോടി രൂപ എന്നിങ്ങനെയാണ് ബാധ്യത.മികച്ച തുക ടെൻഡറിൽ ലഭിച്ചാൽ ബാധ്യത മുഴുവൻ തീർക്കാമെന്നാണ് പ്രതീക്ഷ.

Be the first to comment

Leave a Reply

Your email address will not be published.


*