സ്ഫോടന സ്ഥലത്തുണ്ടായിരുന്ന എല്ലാവർക്കും മാനസിക പിന്തുണ ഉറപ്പാക്കും: മന്ത്രി വീണാ ജോർജ്

സ്ഫോടനത്തിന്റെ ആഘാതം മൂലമുണ്ടായ മാനസിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സ്ഥലത്തുണ്ടായിരുന്ന എല്ലാവർക്കും മാനസികാരോഗ്യ ടീമിന്റെ പിന്തുണ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. സ്ഫോടന സമയത്ത് ഉണ്ടായിരുന്ന മുഴുവൻ പേർക്കും മാനസിക പിന്തുണ ഉറപ്പാക്കും. എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ, തൃശൂർ തുടങ്ങിയ ജില്ലകളിൽ നിന്നുള്ളവരാണിവർ. മാനസികാരോഗ്യ പരിപാടി, ടെലി മനസ് എന്നിവയിലൂടെയാണ് മാനസിക പിന്തുണയും കൗൺസിലിംഗും നൽകുന്നത്. നിസാര പരിക്കേറ്റവർക്കും മറ്റുള്ളവർക്കും ഫോൺ വഴി പിന്തുണ നൽകും. അതിൽ മാനസിക ബുദ്ധിമുട്ട് കൂടുതലുള്ളവർക്ക് നേരിട്ടുള്ള സേവനവും ഉറപ്പാക്കും. ആശുപത്രികളിൽ ചികിത്സയിലുള്ളവർക്ക് അതത് ആശുപത്രികളുടെ പിന്തുണയോടെയും സേവനം നൽകും. കൂടാതെ മാനസിക പിന്തുണ ആവശ്യമായവർക്ക് ടെലിമനസ് 14416 എന്ന നമ്പരിലും വിളിക്കാവുന്നതാണ്. ആവശ്യമെങ്കിൽ സ്വകാര്യ മാനസികാരോഗ്യ വിദഗ്ധരുടേയും സംഘടനകളുടേയും സഹായം തേടുമെന്നും മന്ത്രി വ്യക്തമാക്കി.

കളമശേരി സ്‌ഫോടനത്തിൽ പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ സെക്കന്ററിതല ചികിത്സ, മാനസിക പിന്തുണ ഉറപ്പാക്കൽ, നിലവിലെ സ്ഥിതി എന്നിവ അവലോകനം ചെയ്യുന്നതിനായി മന്ത്രിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേർന്നു. ആകെ 53 പേരാണ് ചികിത്സ തേടിയെത്തിയത്. 21 പേരാണ് വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ളത്. അതിൽ 16 പേരാണ് ഐസിയുവിലുള്ളത്. കളമശേരി മെഡിക്കൽ കോളേജ് 3, രാജഗിരി 4, എറണാകുളം മെഡിക്കൽ സെന്റർ 4, സൺറൈസ് ആശുപത്രി 2, ആസ്റ്റർ മെഡിസിറ്റി 2, കോട്ടയം മെഡിക്കൽ കോളേജ് 1 എന്നിങ്ങനെയാണ് ഐസിയുവിൽ ചികിത്സയിലുള്ളത്. സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലുള്ള 3 പേരാണ് ഗുരുതരാവസ്ഥയിലുള്ളത്. അവർക്ക് പരമാവധി ചികിത്സ നൽകാനുള്ള ശ്രമമാണ് നടക്കുന്നത്. ചിലർക്ക് സർജറിയും ആവശ്യമാണ് – മന്ത്രി വ്യക്തമാക്കി.

വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിന് 14 അംഗ മെഡിക്കൽ ബോർഡ് രൂപീകരിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പ് ഡയറക്ടർ, കോട്ടയം, തൃശൂർ, കളമശേരി മെഡിക്കൽ കോളേജുകൾ, ആരോഗ്യ വകുപ്പ് എന്നിവിടങ്ങളിലെ വിദഗ്ധ ഡോക്ടർമാർ ഉൾപ്പെടുന്നതാണ് മെഡിക്കൽ ബോർഡ്. കളമശേരി സ്‌ഫോടനത്തിൽ വിവിധ ആശുപത്രികളിൽ പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് സെക്കന്ററിതലത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകാൻ സാധ്യതയുള്ളതിനാൽ മെഡിക്കൽ ബോർഡിന്റെ നിർദേശ പ്രകാരമാണ് ചികിത്സ ഏകോപിപ്പിക്കുന്നത്. സെക്കന്ററിതല ആരോഗ്യ പ്രശ്‌നങ്ങൾ ഒഴിവാക്കാൻ അണുബാധ നിയന്ത്രണത്തിന് പ്രത്യേക പ്രാധാന്യം നൽകണം. ആരോഗ്യ വകുപ്പിന്റെ ഹെൽപ്പ്‌ലൈൻ ഈ ആഴ്ച കൂടി പ്രവർത്തിക്കാനും മന്ത്രി നിർദേശം നൽകി.

ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ, സ്റ്റേറ്റ് മെഡിക്കൽ ബോർഡ് അംഗങ്ങൾ, കളമശേരി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ, സൂപ്രണ്ട്, കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട്, 14 അംഗ മെഡിക്കൽ ബോർഡ് അംഗങ്ങൾ, ജില്ലാ മെഡിക്കൽ ഓഫീസർമാർ, ജില്ലാ പ്രോഗ്രാം മാനേജർമാർ, ചികിത്സയിലുള്ള സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ എന്നിവർ യോഗത്തിൽ ഓൺലൈനായി പങ്കെടുത്തു.

Be the first to comment

Leave a Reply

Your email address will not be published.


*