കോട്ടയം പാർലമെൻ്റ് മണ്ഡലത്തിൽ ഉൾപ്പെട്ട എല്ലാ റെയിൽവേ സ്റ്റേഷനുകളിലും ജനസദസ്സ് സംഘടിപ്പിക്കും: ഫ്രാൻസിസ് ജോർജ് എം.പി

കോട്ടയം: റയിൽവേ സ്റ്റേഷനുകളുടെ വികസന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും, ട്രയിൻ യാത്രക്കാരുടെ പരാതികളും നിർദേശങ്ങളും സ്വീകരിക്കുന്നതിനുമായി കോട്ടയം പാർലമെൻ്റ് മണ്ഡലത്തിൽ ഉൾപ്പെട്ട എല്ലാ റയിൽവേ സ്റ്റേഷനുകളിലും ജനസദസ്സ് സംഘടിപ്പിക്കുന്നതാണന്ന് കെ.ഫ്രാൻസിസ് ജോർജ് എം.പി. അറിയിച്ചു.

അതത് സ്റ്റേഷനുകൾ ഉൾപ്പെടുന്ന പ്രദേശങ്ങളിലെ എം.എൽ.എ മാരും മറ്റ് ജനപ്രതിനിധികളും ജനസദസ്സിൽ പങ്കെടുക്കും. റയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രതിനിധികൾ, പൊതുജനങ്ങൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ വിവിധ സന്നദ്ധ സംഘടനകളുടെ പ്രവർത്തകർ എന്നിവരിൽ നിന്നും പരാതികളും, നിർദേശങ്ങളും സ്വീകരിക്കുമെന്ന് ഫ്രാൻസിസ് ജോർജ് പറഞ്ഞു.

ജനസദസ്സിൻ്റെ ഉദ്ഘാടനം 2024 ഒക്ടോബർ ഒന്നാം തീയതി രാവിലെ 10 ന് ചിങ്ങവനം റയിൽവേ സ്റ്റേഷനിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ നിർവഹിക്കും. തുടർന്ന് 11.30 ന് കുമാരനല്ലൂർ സ്റ്റേഷൻ സന്ദർശിക്കും.

ഉച്ചകഴിഞ്ഞ് 1.30 കാഞ്ഞിരമറ്റം റയിൽവേ സ്റ്റേഷനിൽ നടക്കുന്ന ജനസദസ് അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. തുടർന്ന് 2.30 ന് തൃപ്പൂണിത്തറ സ്റ്റേഷനും 3.30 ന് ചോറ്റാനിക്കര സ്റ്റേഷനും സന്ദർശിക്കും.

രണ്ടാം തീയതി വൈകുന്നേരം 4 മണിക്ക് കുറുപ്പന്തറ സ്റ്റേഷനിൽ നടക്കുന്ന ജനസദസ് അഡ്വ.മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും.
തുടർന്ന് 5 ന് കടുത്തുരത്തി, 6 ന് വൈക്കം റോഡ് സ്റ്റേഷനും സന്ദർശിക്കും.

5-ാം തീയതി രാവിലെ 11 മണിക്ക് ഏറ്റുമാനൂർ റയിൽവേ സ്റ്റേഷനിലും ഉച്ചകഴിഞ്ഞ് 3 മണിക്ക് പിറവം റോഡ് റയിൽവേ സ്റ്റേഷനിലും ജനസദസ്സ് നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.

വിവിധ സ്റ്റേഷനുകളിൽ നടത്തുന്ന ജനസദസുകളിൽ നിന്നും അല്ലാതെയും ലഭിക്കുന്ന പരാതികളെക്കുറിച്ചും വികസന നിർദേശങ്ങളെക്കുറിച്ചും ചർച്ച ചെയ്യുന്നതിനായി ഒക്ടോബർ അവസാന വാരം കോട്ടയം റയിൽവേ സ്റ്റേഷനിൽ നടത്തുന്ന ജനസദസിൽ കോട്ടയം പാർലമെൻ്റ് മണ്ഡലത്തിൽ ഉൾപ്പെടുന്ന എല്ലാ എം.എൽ.എ മാരും, റയിൽവേയിലെ ഉന്നത ഉദ്യോഗസ്ഥരും മറ്റ് ജനപ്രതിനിധികളും പങ്കെടുക്കുമെന്ന് ഫ്രാൻസിസ് ജോർജ് പറഞ്ഞു.

പ്രസ്തുത യോഗത്തിൽ ഉണ്ടാകുന്ന വികസന നിർദ്ദേശങ്ങൾ അടങ്ങിയ സമഗ്രവികസന രേഖ കേന്ദ്ര റയിൽവേ മന്ത്രിക്ക് സമർപ്പിക്കുമെന്നും ഫ്രാൻസിസ് ജോർജ് അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*