തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളില്‍ ഭൂരിപക്ഷവും ഗതാഗതയോഗ്യമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി യുഡിഎഫിലെ നജീബ് കാന്തപുരം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ 4095 കിലോമീറ്റര്‍ റോഡുകളില്‍ പ്രവൃത്തി നടക്കുകയാണ്. എന്നുവെച്ചാല്‍ ഇത്രയും കിലോമീറ്റര്‍ റോഡുകള്‍ ഭാവിയില്‍ മികച്ച നിലവാരത്തിലേക്ക് ഉയര്‍ത്തുന്നു എന്നാണ് അര്‍ത്ഥം. ഇതില്‍ ഭൂരിഭാഗവും ഡിസൈന്‍ റോഡുകളായിട്ടാണ് ഉയര്‍ത്തുന്നതെന്നും മന്ത്രി പറഞ്ഞു.
റോഡിന്റെ പരിപാലനത്തിനും സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുന്നു. അതിനായി വൈവിധ്യമാര്‍ന്ന പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കി വരികയാണ്. റണ്ണിങ് കോണ്‍ട്രാക്ട് പദ്ധതി അതില്‍ പ്രധാനമാണ്. 19,908 കിലോമീറ്റര്‍ റണ്ണിങ് കോണ്‍ട്രാക്ട് വഴി പരിപാലിക്കുകയാണ്. ഇതിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. പരിപാലനത്തിന് മാത്രമായി 824 കോടി രൂപയാണ് ഭരണാനുമതി നല്‍കിയതെന്ന് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയില്‍ പറഞ്ഞു. ചെറിയ ബുദ്ധിമുട്ട് പോലും ജനങ്ങള്‍ക്ക് ഉണ്ടാകരുതെന്നാണ് സര്‍ക്കാര്‍ നിലപാട്. ബുദ്ധിമുട്ട് ഉണ്ടാകുന്ന ഇടങ്ങളില്‍ അതു പരിഹരിച്ച് മുന്നോട്ടു പോകുകയാണെന്നും മന്ത്രി വ്യക്തമാക്കി.
വഴി നടക്കാനുള്ള അവകാശം നിഷേധിച്ച സര്‍ക്കാരാണ് ഇതെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി നജീബ് കാന്തപുരം പറഞ്ഞു. എത്ര റോഡിലൂടെ എല്ലൊടിയാതെ യാത്ര ചെയ്യാനാകും. കുഴിയില്ലാത്ത റോഡിലൂടെ പോകാന്‍ മുഖ്യമന്ത്രി 16 കിലോമീറ്റര്‍ ആണ് ചുറ്റിയത്. സാധാരണക്കാര്‍ക്ക് അതു പറ്റുമോയെന്നും നജീബ് കാന്തപുരം ചോദിച്ചു. യുദ്ധഭൂമിയിലേക്ക് ഇറങ്ങുന്നതു പോലെയാണ് റോഡിലേക്ക് ഇറങ്ങുന്നത്. ഇത്രയും പരാജയപ്പെട്ട ഒരു വകുപ്പ് സംസ്ഥാനത്ത് വേറെ ഇല്ലെന്നും നജീബ് കാന്തപുരം പറഞ്ഞു.
Be the first to comment