കോട്ടയത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ മാർച്ച് മൂന്നിന്; അഞ്ചു വയസുവരെയുള്ള കുട്ടികൾക്ക് തുള്ളിമരുന്നു നൽകും

കോട്ടയം: മാർച്ച് മൂന്നു ഞായറാഴ്ച നടക്കുന്ന പൾസ് പോളിയോ യജ്ഞത്തിന് എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അറിയിച്ചു. പൾസ് പോളിയോ ദിനത്തിൽ അഞ്ചുവയസ്സിനു താഴെയുളള എല്ലാ കുഞ്ഞുങ്ങൾക്കും ഓരോ ഡോസ് തുള്ളിമരുന്ന് നൽകുന്നുവെന്ന് ഉറപ്പുവരുത്താൻ മാതാപിതാക്കളും ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.

ജില്ലയിൽ അഞ്ചുവയസ്സിനു താഴെയുളള 96,698 കുട്ടികൾക്കാണ് മാർച്ച് മൂന്നിനു തുള്ളി മരുന്ന് നൽകുക. ഇതിനായി 1292 ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ട്. തുള്ളിമരുന്നു നൽകാൻ പരിശീലനം സിദ്ധിച്ച 2584 സന്നദ്ധപ്രവർത്തകരേയും നിയോഗിച്ചിട്ടുണ്ട്. ആരോഗ്യകേന്ദ്രങ്ങൾ, അങ്കൺവാടികൾ, സ്വകാര്യ ആശുപത്രികൾ, സന്നദ്ധ സംഘടനകളുടെ കെട്ടിടങ്ങൾ എന്നിവയിൽ  രാവിലെ എട്ടുമണി മുതൽ വൈകിട്ട് അഞ്ചുമണിവരെയാണ് ബൂത്തുകൾ പ്രവർത്തിക്കുക.

41 ട്രാൻസിറ്റ് ബൂത്തുകൾ, 12 മൊബൈൽ ബൂത്തുകൾ എന്നിവയും ക്രമീകരിക്കും. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, ബോട്ടുജെട്ടി എന്നിവിടങ്ങളിൽ ട്രാൻസിറ്റ് ബൂത്തുകൾ പ്രവർത്തിക്കും. ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങൾ, ഉത്സവസ്ഥലങ്ങൾ, കല്യാണമണ്ഡപങ്ങൾ എന്നിവയുൾപ്പെടെ ജനങ്ങൾ എത്തുന്ന സ്ഥലങ്ങളിൽ എത്തി മരുന്ന് നൽകുന്നതിനാണ് മൊബൈൽ ബൂത്തുകൾ ക്രമീകരിച്ചിരിക്കുന്നത്. പോളിയോ നിർമ്മാർജ്ജനം ചെയ്യുന്നതിന് എല്ലാ വിഭാഗം ജനങ്ങളുടെയും സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: പി എൻ വിദ്യാധരൻ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*