പുൽവാമ ഭീകരാക്രമണം; ധീരജവാന്മാരുടെ രക്തസാക്ഷിത്വത്തിന്റെ നാലാം വാർഷികം

രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് നാല് വർഷം. രാജ്യത്തിന് വേണ്ടി ജീവൻ വെടിഞ്ഞ അനേകം സൈനികരുടെ വേദനിപ്പിക്കുന്ന ഓർമയിൽ വിതുമ്പി രാജ്യം. 2019 ഫെബ്രുവരി 14 നാണ് രാജ്യത്തെ ഒട്ടാകെ കണ്ണീരിലാഴ്ത്തിക്കൊണ്ട് പുൽവാമയിൽ ഭീകരാക്രമണം നടന്നത്. ഭാരത മണ്ണിന് കാവലായിരുന്ന 40 ധീര ജവാന്മാരെയാണ് അന്ന് ഭാരതാംബയ്ക്ക് നഷ്ടമായത്.

2019 ഫെബ്രുവരി 14,  ഉച്ചകഴിഞ്ഞ് 3.15 മണിയോടെ, അവധി കഴിഞ്ഞ് മടങ്ങുന്നവർ അടക്കം കേന്ദ്ര റിസർവ്വ് പോലീസ് സേനയിലെ 2547 ജവാന്മാര്‍ 78 വാഹനങ്ങളിലായി ജമ്മുവില്‍ നിന്നും ശ്രീനഗറിലേക്ക് പോകുകയായിരുന്നു. 350 കിലോഗ്രാം സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ സുരക്ഷാ സേന സഞ്ചരിച്ച വാഹന വ്യൂഹത്തിന് നേരെ ഓടിച്ചു കയറ്റുകയായിരുന്നു. ഉഗ്ര സ്ഫോടനത്തിൽ കാറും ബസും തിരിച്ചറിയാനാവാത്തവിധം തകർന്നു. മൃതദേഹങ്ങൾ 100 മീറ്റർ ചുറ്റുവട്ടത്ത് ചിതറിത്തെറിച്ചു. പിന്നാലെ എത്തിയ ബസുകൾക്കും സ്‌ഫോടനത്തിൽ കേടുപാടുകൾ പറ്റി. പൂർണമായി തകർന്ന 76 ആം ബറ്റാലിയന്റെ ബസിൽ 40 പേരാണുണ്ടായിരുന്നത്. നിരവധി ജവാന്മാർക്ക് പരിക്കേൽക്കുകയും ചെയ്തു. പാക് ഭീകര സംഘടനയായ ജെയ്ഷ് ഇ മുഹമ്മദായിരുന്നു ഈ ആക്രമണത്തിന് പിന്നിൽ. പുൽവാമ കാകപോറ സ്വദേശി ആദിൽ അഹമ്മദായിരുന്നു ചാവേർ.

ജയ്ഷെ സ്ഥാപകൻ മസൂദ് അസ്ഹറിന്റെ അനന്തരവൻ റഷീദ് മസൂദ് 2017 നവംബറിൽ പുൽവാമയിൽ  സിആർപിഎഫുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. 2018 ഒക്ടോബർ 31ന് അസ്ഹറിന്റെ രണ്ടാമത്തെ അനന്തരവൻ ഉസ്മാൻ തൽഹ റഷീദിനെയും സിആർപിഎഫ് വധിച്ചു. ഇതിന് പകരം വീട്ടുമെന്ന്  അസ്ഹർ പ്രഖ്യാപിച്ചിരുന്നു. അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയതിന്റെ വാർഷിക ദിനമായ ഫെബ്രുവരി 9 ന് തീവ്രവാദികൾ ആക്രമണം നടത്തുമെന്ന് രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പു നൽകിയിരുന്നു. ഇതിന് പിന്നാലെയാണ്  ആക്രമണം ഉണ്ടായത്.

പുൽവാമ ഭീകരാക്രമണത്തിന് ശേഷം 12-ാം ദിനം. ഇതിനു തിരിച്ചടിയായി ഇന്ത്യ പാകിസ്താനെതിരെ ഫെബ്രുവരി 26-ന് ബാലാക്കോട്ടിലെ ഭീകരതാവളങ്ങളിൽ വ്യോമാക്രമണം നടത്തിയിരുന്നു. നേതാക്കളടക്കം നിരവധി ഭീകരർ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. നിരവധി ഭീകര ക്യാമ്പുകളും ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിൽ തകർന്നടിഞ്ഞു.

അന്താരാഷ്ട്ര തലത്തിൽ പാകിസ്ഥാൻ വിമർശനം നേരിട്ട സംഭവമായിരുന്നു പുൽവാമ ഭീകരാക്രമണം. മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കണമന്ന വർഷങ്ങളായുള്ള ഇന്ത്യയുടെ ആവശ്യം പുൽവാമയ്ക്കും ബാലാക്കോട്ടിനും പിന്നാലെ സാധ്യമായി.

Be the first to comment

Leave a Reply

Your email address will not be published.


*