പുനലൂര്‍ ബൈപാസ്: സര്‍വേ പൂര്‍ത്തിയായി

പുനലൂർ: ദേശീയപാതക്ക് സമാന്തരമായി പുനലൂരില്‍ നിര്‍മിക്കുന്ന ബൈപ്പാസിനായി നടന്നുവന്ന അന്തിമ സര്‍വേ പൂര്‍ത്തിയായി. ജൂണ്‍ 27 -ന് ആരംഭിച്ച സര്‍വേ 28 ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. പത്തു ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് നിർദേശിച്ചിരുന്നെങ്കിലും കനത്ത മഴയുടെ പശ്ചാത്തലത്തിലാണ് രണ്ടാഴ്ച കൂടി വൈകിയത്.

സര്‍വേയുടെ അടിസ്ഥാനത്തില്‍ സ്കെച്ചും ഡ്രോയിംഗും തയാറാക്കുന്ന ജോലികള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ അന്തിമ അലൈൻമെന്‍റ് കൂടിതയാറാക്കുന്നതോടെ ബൈപാസ് നിര്‍മാണത്തിന്‍റെ നടപടികളുടെ ആദ്യഘട്ടം പൂര്‍ത്തിയാവും.മരാമത്ത് വകുപ്പിന്‍റെ പുനലൂര്‍ അസിസ്റ്റന്‍റ് എൻജിനീയര്‍ സിന്ധിയാ ഫെര്‍ണാണ്ടസിന്‍റെ മേല്‍നോട്ടത്തില്‍ മലപ്പുറത്തു നിന്നുള്ള ക്യുബിഎസ് എന്ന സ്ഥാപനമാണ് സര്‍വേ നടത്തിയത്.

സ്കെച്ചിന്‍റെയും ഡ്രോയിങ്ങിന്‍റെയും അടിസ്ഥാനത്തില്‍ പുനലൂരില്‍ പ്രാഥമിക അലൈൻമെന്‍റ് തയാറാക്കി മരാമത്ത് വകുപ്പിന്‍റെ ഡിസൈൻ വിഭാഗത്തിന് കൈമാറും. ഇവരാണ് അന്തിമ അലൈമെന്‍റ് തയ്യാറാക്കുന്നത്.

പി.എസ്.സുപാല്‍ എംഎല്‍എയുടെയും മറ്റു ജനപ്രതിനിധികളുടെയും സാന്നിധ്യത്തില്‍ വിശദമായ പരിശോധന നടത്തി അലൈൻമെൻ്റ് അന്തിമമായി തീരുമാനിക്കും. തുടര്‍ന്ന് സാമൂഹിക ആഘാതപഠനം നടത്തും. ഇതിനുശേഷമേ ഫണ്ട് ലഭ്യമാക്കി നിര്‍മാണം ആരംഭിക്കൂ.

ദേശീയപാതാ നിലവാരത്തില്‍ 45 മീറ്റര്‍ വീതിയിലും 12 കിലോമീറ്റര്‍ ദൂരത്തിലുമാണ് സര്‍വേ നടത്തിയത്. പുനലൂര്‍ ചെമ്മന്തൂരില്‍ കോളെജ് ജംഗ്ഷന് പടിഞ്ഞാറു ഭാഗത്ത് ആരംഭിച്ച സര്‍വേ തെന്മല പഞ്ചായത്തിലെ ഇടമണ്ണില്‍ മൂന്നിടത്ത് എത്തിച്ചേരുന്ന രീതിയിലാണ് അവസാനിപ്പിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*