കെപി റോഡില്‍ അപകടകരമായി കാറില്‍ യാത്ര ചെയ്ത യുവാക്കള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ ശിക്ഷ

ആലപ്പുഴ : കെപി റോഡില്‍ അപകടകരമായി കാറില്‍ യാത്ര ചെയ്ത യുവാക്കള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ ശിക്ഷ. മോട്ടോര്‍ വാഹന വകുപ്പിന്റെ എടപ്പാളിലെ കേന്ദ്രത്തില്‍ എട്ട് ദിവസത്തെ പരിശീലനമാണ് ശിക്ഷ. പരിശീലനത്തിന് വഴങ്ങുന്നില്ലെങ്കില്‍ കേസ് പോലീസിന് കൈമാറുമെന്ന് ജില്ലാ ആര്‍ടിഒ ദിലു എ കെ അറിയിച്ചു. അപകടകരമായി കാര്‍ യാത്ര നടത്തിയ യുവാക്കളെ ആര്‍ടിഒ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ശിക്ഷ നല്‍കിയത്.

ഇന്നലെയാണ് കെപി റോഡില്‍ രണ്ടാംകുറ്റിക്കും കറ്റാനത്തിനുമിടയില്‍ യുവാക്കള്‍ ഇത്തരത്തില്‍ അപകടകരമായി യാത്ര ചെയ്തത്. കാറിന് പിന്നില്‍ സഞ്ചരിച്ചിരുന്നവര്‍, വീഡിയോ ചിത്രീകരിച്ച് മോട്ടോര്‍ വാഹന വകുപ്പിന് കൈമാറുകയായിരുന്നു. നിയമലംഘനം ബോധ്യപ്പെട്ടതിന് പിന്നാലെ മോട്ടോര്‍ വാഹന വകുപ്പ് കാര്‍ കസ്റ്റഡിയില്‍ എടുത്തു. കാറില്‍ യാത്ര ചെയ്ത യുവാക്കളും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ കീഴടങ്ങി. കെപി റോഡില്‍ യുവാക്കളുടെ അപകട യാത്ര പതിവാകുന്ന സാഹചര്യത്തിലാണ് കര്‍ശന നടപടി സ്വീകരിച്ചത്.

ഓച്ചിറ സ്വദേശിനിയുടേതാണ് യുവാക്കള്‍ സഞ്ചരിച്ചിരുന്ന കാര്‍. കാര്‍ ഓടിച്ചിരുന്ന മര്‍ഫിനിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ നടപടി തുടങ്ങി. കഴിഞ്ഞ ആഴ്ചയും കെ പി റോഡില്‍ യുവാക്കള്‍ അപകടയാത്ര നടത്തിയിരുന്നു. അവര്‍ക്ക് സാമൂഹ്യ സേവനമായിരുന്നു ശിക്ഷ. ഈ ശിക്ഷക്ക് അധികാരമില്ലെന്ന പ്രചാരണങ്ങളെ മോട്ടോര്‍ വാഹന വകുപ്പ് തള്ളി. പരീശീലന ശിക്ഷക്ക് യുവാക്കള്‍ വഴങ്ങുമെന്ന് അറിയിച്ച ശേഷമേ എന്നു മുതല്‍ ശിക്ഷ അനുഭവിക്കണം എന്ന് തീരുമാനിക്കുകയുള്ളു.

Be the first to comment

Leave a Reply

Your email address will not be published.


*