ആരാധകരോട് മാപ്പ് ചോദിച്ച് പഞ്ചാബ് ക്യാപ്റ്റന്‍ സാം കറന്‍

ധംരശാല: റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനതിരായ തോല്‍വിയില്‍ നിരാശയുണ്ടെന്ന് പഞ്ചാബ് കിങ്‌സ് ക്യാപ്റ്റന്‍ സാം കറന്‍. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ 60 റണ്‍സിനാണ് പഞ്ചാബ് ആര്‍സിബിയോട് പരാജയം വഴങ്ങിയത്. ജയത്തോടെ ബെംഗളൂരു പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തിയപ്പോള്‍ പഞ്ചാബ് പുറത്തായിരുന്നു. മത്സരത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു പഞ്ചാബ് നായകന്‍.

പരാജയം വഴങ്ങിയതില്‍ നിരാശയുണ്ട്. മനോഹരമായ വിജയങ്ങളും റെക്കോര്‍ഡ് റണ്‍ ചേസുകളും ഞങ്ങള്‍ക്കുണ്ടായിരുന്നു. എന്നാല്‍ ആരാധകരെ നിരാശരാക്കിയതില്‍ ഞങ്ങള്‍ മാപ്പുപറയുന്നു. ഞങ്ങളുടെ പോരാട്ടം തുടരും. ഉയര്‍ച്ച താഴ്ച്ചകള്‍ കഠിനമായിരുന്നു. ഇതില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് പരിശ്രമിക്കേണ്ടിയിരിക്കുന്നു’, സാം കറന്‍ പറയുന്നു.

സീസണിലുടനീളം ഒരുപാട് പോസിറ്റീവ് കാര്യങ്ങള്‍ സംഭവിച്ചിരുന്നു. പക്ഷേ നിര്‍ഭാഗ്യവശാല്‍ പ്ലേ ഓഫിലെത്താനായില്ല. ടൂര്‍ണമെന്റിലെ ബാക്കി മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. ഞങ്ങള്‍ തലയുയര്‍ത്തിയാണ് മടങ്ങുന്നത്. മികച്ച താരങ്ങളുള്ള ഒരു ടീമിനെ നയിക്കുന്നത് ഞാന്‍ നന്നായി ആസ്വദിച്ചു’, സാം കറന്‍ കൂട്ടിച്ചേര്‍ത്തു.

ടൂര്‍ണമെന്റില്‍ രണ്ട് മത്സരങ്ങള്‍ ഇനിയും ബാക്കിയുള്ളപ്പോഴാണ് പഞ്ചാബ് കിങ്‌സ് പുറത്താവുന്നത്. നിലവില്‍ 12 മത്സരങ്ങളില്‍ എട്ട് പോയിന്റുമായി ഒന്‍പതാം സ്ഥാനത്താണ് പഞ്ചാബ് കിങ്‌സ്.

Be the first to comment

Leave a Reply

Your email address will not be published.


*