തിരുവനന്തപുരം: പുരപ്പുറ സോളാര്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നവര്‍ക്ക് നിലവിലുള്ള ബില്ലിങ് രീതി തുടരും. നിലവിലെ ബില്ലിങ് രീതിയില്‍ മാറ്റം വരുത്താന്‍ നടപടികള്‍ എടുത്തിട്ടില്ലെന്ന് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ചെയര്‍മാന്‍ ടി കെ ജോസ് അറിയിച്ചു. ഇത് മാറ്റാന്‍ കെഎസ്ഇബി അപേക്ഷ നല്‍കിയിട്ടില്ലെന്നും ടി കെ ജോസ് വ്യക്തമാക്കി.
പുനരുപയോഗ സ്രോതസ്സുകളുടെ മീറ്ററിങ് സംബന്ധിച്ച കരട് ചട്ടങ്ങളെപ്പറ്റിയുള്ള തെളിവെടുപ്പിലാണ് കമ്മീഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ സോളാര്‍ വൈദ്യുതി ഉല്‍പ്പാദകര്‍ക്ക് ലാഭകരമായ നെറ്റ് ബില്ലിങ് രീതി മാറ്റി, വൈദ്യുതി ബോര്‍ഡിന് കൂടുതല്‍ പണം നല്‍കേണ്ടിവരുന്ന ഗ്രോസ് മീറ്ററിങ് നടപ്പാക്കാന്‍ പോകുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഈ ആശങ്കയെ തുടര്‍ന്ന് സോളാര്‍ വൈദ്യുതി ഉല്‍പ്പാദകരും കമ്പനി പ്രതിനിധികളുമായി ഒട്ടേറെപ്പേര്‍ തെളിവെടുപ്പിനെത്തിയിരുന്നു.
ഗ്രോസ് മീറ്ററിങ് നടപ്പാക്കണമെന്ന ആവശ്യം ബോര്‍ഡ് ഉന്നയിച്ചാല്‍ എല്ലാവരുടെയും അഭിപ്രായം കേട്ടശേഷം മാത്രമേ തീരുമാനമെടുക്കൂ എന്ന് കമ്മീഷന്‍ പറഞ്ഞു. തെളിവെടുപ്പില്‍ പങ്കെടുത്തവരൊക്കെ ബില്ലിങ് രീതി മാറ്റരുതെന്ന് ആവശ്യപ്പെട്ടു. ഇപ്പോഴത്തെ ഭേദഗതിയില്‍ ബില്ലിങ് രീതി സംബന്ധിച്ച നിര്‍വചനം ഉള്‍പ്പെടുത്തുക മാത്രമാണ് ചെയ്തതെന്ന് കമ്മീഷന്‍ പറഞ്ഞു. ഇത് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവിനെ പിന്തുടര്‍ന്നാണ്. അല്ലാതെ ഈ മാറ്റം നടപ്പാക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് കമ്മീഷന്‍ വിശദീകരിച്ചു.
നെറ്റ് ബില്ലിങ് രീതി മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. മറ്റുപല സംസ്ഥാനങ്ങളും ബില്ലിങ് രീതി മാറ്റിയെങ്കിലും സോളാര്‍ വൈദ്യുതി ഉല്‍പ്പാദനത്തെ പ്രോത്സാഹിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. എന്നാലിത് ബോര്‍ഡിന്റെ സാമ്പത്തിക സുസ്ഥിരതയെ ബാധിക്കും. ഇതും സംസ്ഥാനത്തിന്റെ സൗരോര്‍ജ വൈദ്യുതി ഉല്‍പ്പാദന നയവും സംബന്ധിച്ച വിശദമായ പരിശോധന നടത്തിയശേഷമേ ബില്ലിങ് രീതി മാറ്റുന്നതില്‍ തീരുമാനമെടുക്കൂവെന്നും അദ്ദേഹം പറഞ്ഞു.
Be the first to comment