വനം വകുപ്പിനെതിരെ ആഞ്ഞടിച്ച് പിവി അൻവർ എംഎൽഎ. വനംവകുപ്പ് ജീവനക്കാരുടെ തോന്നിയവാസത്തിന് അതിരില്ലെന്നും ഉദ്യോഗസ്ഥരുടെ മനസ് വന്യജീവികളേക്കാള്‍ മോശമെന്നും പിവി അൻവർ ആരോപിച്ചു. നിലമ്പൂർ വനംവകുപ്പിന്‍റെ പരിപാടിയിൽ മന്ത്രി എ കെ ശശീന്ദ്രനെ വേദിയിലിരുത്തിക്കൊണ്ടായിരുന്നു അൻവറിന്റെ പരാമർശം.
വനം വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ മരിച്ചിട്ട് DFO ഓഫീസിൽ പൊതുദർശനത്തിന് വെക്കാൻ പോലും സമ്മതിച്ചില്ല.ഇതൊക്കെ നിയമസഭയിൽ പറയാൻ വെച്ച കാര്യങ്ങളാണ്. അടുത്ത നിയമസഭാ സമ്മേളനത്തിൽ പറയാൻ കഴിയുമോ എന്ന് ഉറപ്പില്ല. അതുകൊണ്ടാണ് പറയാനുള്ളതെല്ലാം പറഞ്ഞ് പോകുന്നത് പിവി അൻവർ പ്രസംഗത്തിൽ പറഞ്ഞു.
ഒരു ഉദ്യോഗസ്ഥനും ജനപ്രതിനിധികളെ പേടിയില്ല.ആവാസ വ്യവസ്ഥയും, പ്രകൃതിയും മാത്രം മതി എന്നാണ് ഉദ്യോഗസ്ഥരുടെ വിചാരം പക്ഷെ മനുഷ്യരും കൂടെ വേണം. ഓസ്ട്രലിയയിൽ കങ്കാരുക്കളെ കൊല്ലാൻ തോക്ക് നൽകി ലോക രാജ്യങ്ങൾ വരെ കാലത്തിന് അനുസരിച്ച് പല നിയമങ്ങളും പരിഷ്കരിച്ചു കഴിഞ്ഞു, പിവി അൻവർ കൂട്ടിച്ചേർത്തു.
അതേസമയം, വേദിയിൽ വനം മന്ത്രിക്ക് നേരെയും അൻവർ അമ്പുകൾ തൊടുത്തുവിട്ടു. മലയോര ഹൈവേക്കായി ലൈഫ് പദ്ധതിയിലൂടെ വീട് കിട്ടിയവർ പോലും സ്ഥലം വിട്ട് നൽകി.
വനം വകുപ്പ് ഒരു ഇഞ്ച് ഭൂമി വിട്ട് തന്നിട്ടില്ല. എൻ്റെ ഉത്തരവാദിത്വത്തിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ ഈ ദൂർത്ത് നടത്തിയതെങ്കിൽ ഉദ്യോഗസ്ഥരെ ഡിസ്മിസ് ചെയ്തേന്നെ. ഇതൊക്കെ ഇവിടെ നടക്കൂ കാരണം മന്ത്രി ഇതെല്ലാം ഉൾക്കൊള്ളുന്ന മനുഷ്യനാണ്. മന്ത്രി എ കെ ശശീന്ദ്രന്റെ ഇടപെടൽ ഒന്നും പൂർണതയിൽ എത്തിയിട്ടില്ല. ഇനിയുള്ള ഒന്നര വർഷം മനുഷ്യ സംരക്ഷണ വകുപ്പ് മന്ത്രിയായി അദ്ദേഹം പ്രവർത്തിക്കണമെന്നും പിവി അൻവർ കുറ്റപ്പെടുത്തി.
ഇതേസമയം വേദിയിലുള്ള പരസ്യവിമര്‍ശനത്തിന് പിന്നാലെ പരിപാടി കഴിഞ്ഞ് പുറത്തിറങ്ങിയ പിവി അൻവര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരോടും തട്ടിക്കയറി. വാഹനം പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തിലാണ് ഉദ്യോഗസ്ഥനോട് പിവി അൻവര്‍ രോഷം പ്രകടിപ്പിച്ചത്.
പരിപാടി നടക്കുന്നതിനിടയിൽ കോമ്പൗണ്ടിൽ പാർക്ക് ചെയ്തിരുന്ന “എം.എൽ.എ ബോർഡ്” വെച്ച വാഹനം ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥൻ വന്ന് മാറ്റി ഇടീച്ചത് മൂന്ന് തവണയാണ്. വാഹനം പാർക്ക് ചെയ്യാൻ അനുവദിക്കാതെ, പരിപാടിക്കെത്തുന്നിടത്തെല്ലാം എംഎൽഎ ഇനി വാഹനം തലയിൽ ചുമന്നുകൊണ്ട് നടക്കണം എന്നാണോ? ഉദ്യോഗസ്ഥൻ പ്രമാണിത്തം കയ്യിൽ വച്ചാൽ മതി പിവി അൻവര്‍ പറഞ്ഞു.
Be the first to comment