എഡിജിപി എംആർ അജിത് കുമാറിനെതിരായ നടപടിയിൽ തൃപ്തനല്ലെന്ന് പിവി അൻവർ എംഎൽഎ. തൃപ്തി ഉണ്ടാകണേൽ എഡിജിപി അജിത് കുമാറിനെ ഡിസ്മിസ് ചെയ്യണം. കൊടുംകുറ്റവാളിയാണെന്നും പിവി അൻവർ പറഞ്ഞു. ഇപ്പോൾ നടക്കുന്നത് കസേരകളിയാണെന്ന് പിവി അൻവർ പരിഹസിച്ചു. മഞ്ചേരിയിൽ പിവി അൻവറിന്റെ ഡിഎംകെ നയപ്രഖ്യാപന യോഗത്തിന് പിന്നാലെയായിരുന്നു എഡിജിപിയെ സ്ഥലം മാറ്റിയത്.
‘ഫേസ്ബുക്ക് പോസ്റ്റ് തൃപ്തികൊണ്ടല്ല. തൃപ്തനാകണേൽ അവനെ ഡിസ്മിസ് ചെയ്യണം. അവൻ നൊട്ടോറിയസ് ക്രിമിനലാണ്. ഇപ്പോൾ നടന്നിരിക്കുന്നത് ഇടതുപക്ഷ കക്ഷികളെ സമാധാനിപ്പിക്കാനുള്ള കസേര കളിയാണ്. ഇപ്പോൾ ഇരിക്കുന്ന റൂമിൽ നിന്ന് അടുത്ത റൂമിലേക്ക് മാറ്റിയാൽ വിഷയം അവസാനിക്കുന്നില്ല. അദ്ദേഹം ഒരു ഭീകരനാണ്. ഡിജിപി പൊതുവികാരം മാനിച്ച് കേസ് പഠിച്ചു. മുഖ്യമന്ത്രിയും പി ശശിയും പെട്ടു. എല്ലാ പോലീസുകാരും ഒരു പോലെയല്ലെന്ന സന്ദേശം അന്വേഷണം സംഘം നൽകിയത്’ പിവി അൻവർ പ്രതികരിച്ചു.
ഇപ്പോഴത്തേത് ശിക്ഷ നടപടി ആയി കാണാനാകില്ല. ഇതൊരു സാധാരണ നടപടി ആണ്. മുഖ്യമന്ത്രിയുടെ ഓഫീസിനെ കേന്ദ്ര ഏജൻസികളുടെ അന്വേഷണങ്ങളിൽ നിന്ന് തടയാനായി നിൽക്കുന്ന ഒന്നാമത്തെ പോയിന്റ് അജിത്കുമാർ ആണെന്ന് അൻവർ ആരോപിച്ചു. അതേസമയം പാലക്കാട് സിപിഐഎം-ബിജെപി വോട്ട് കച്ചവടം ഉറപ്പിച്ചെന്ന് ആരോപണം അൻവർ വീണ്ടും തുടർന്നു. പാലക്കാട് 200 ബൂത്തിൽ പത്ത് വോട്ട് മറിഞ്ഞാൽ ബിജെപി ജയിക്കുമെന്ന് പിവി അൻവർ പറഞ്ഞു.
ഇപ്പോൾ മുഖ്യമന്ത്രിയും – പാർട്ടിയും എടുക്കുന്ന നിലപാട് ബിജെപിയെ സഹായിക്കാൻ. പാലക്കാട്ടെ മുൻകാല തിരഞ്ഞെടുപ്പ് ഫലം പരിശോധിച്ചാൽ കാര്യങ്ങൾ മനസ്സിലാകും. യുഡിഎഫിന് വോട്ട് കുറയുന്നില്ല. എൽഡിഎഫിന് എങ്ങനെ 20,000 വോട്ട് കുറഞ്ഞുവെന്ന് അൻവർ ചോദിച്ചു. ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് എങ്ങനെയാണ് കുത്തനെ വോട്ട് കുറയുന്നതെന്നും പാലക്കാട് ഇ ശ്രീധരൻ അല്ല മത്സരിച്ചത് എങ്കിൽ ബിജെപി ജയിക്കുമായിരുന്നുവെന്നും പിവി അൻവർ പറഞ്ഞു. പിണറായി മണ്ഡലത്തിൽ എൽഡിഎഫ് വോട്ട് ബിജെപിക്ക് പോയെന്നും അൻവർ പറഞ്ഞു.
Be the first to comment