എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി പി വി അൻവർ എം.എൽ.എ കൂടിക്കാഴ്ച നടത്തും. കണിച്ചുകുളങ്ങരയിലെ വീട്ടിൽ ഉടൻ എത്തും. പുതിയ രാഷ്ട്രീയ നീക്കങ്ങളുടെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച. സർക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും രൂക്ഷ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് പിവി അൻവറിന്റെ രാഷ്ട്രീയ നീക്കങ്ങൾ.
ആലപ്പുഴയിൽ അൻവറിന്റെ രാഷ്ട്രീയ പാർട്ടിയായ ഡിഎംകെയുടെ ഘടക രൂപീകരണുമായി ബന്ധപ്പെട്ട് ഇന്ന് വൈകിട്ട് നാലു മണിക്ക് ജില്ലാ കമ്മിറ്റി രൂപീകരണം ഉണ്ട്. ഇതുമായി ബന്ധപ്പെട്ടാണ് അൻവർ ആലപ്പുഴയിൽ എത്തുന്നത്. നേരത്തെ കോഴിക്കോടും മലപ്പുറത്തും പൊതു സമ്മേളനം വിളിച്ച് ചേർത്തായിരുന്നു സർക്കാരിനെ സിപിഐഎമ്മിനെയും വിമർശിച്ചിരുന്നത്. പിന്നീട് കാസർഗോഡും എത്തിയിരുന്നു.
ആദ്യം എഡിജിപി എംആർ അജിത് കുമാറിനെതിരെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെയുമായിരുന്നു അൻവറിന്റെ വിമർശനങ്ങൾ. പിന്നീട് ആരോപണങ്ങൾ ശക്തിപ്പെടുത്തിക്കൊണ്ട് മുഖ്യമന്ത്രിക്കെതിരയെും സിപിഐഎമ്മിനെതിരെയും അൻവർ രംഗത്തെത്തിയിരുന്നു. ആദ്യം അൻവറിനെതിരെ നിലപാട് മയപ്പെടുത്തിയായിരുന്നു സർക്കാരിന്റെയും പാർട്ടിയുടെയും പ്രതികരണം എങ്കിലും പിന്നീട് രൂക്ഷ വിമർശനത്തിലേക്ക് മാറിയിരുന്നു.
നിയമസഭയിൽ ഭരണപക്ഷത്ത് നിന്ന് മാറ്റുകയും ചെയ്തിരുന്നു. ഇതിനിടെ പിവി അൻവർ യുഡിഎഫിലെത്തുമോ എന്ന അഭ്യൂഹങ്ങളും നിലനിൽക്കുന്നുണ്ട്. എന്നാൽ യുഡിഎഫിൽ ഇത് സംബന്ധിച്ച് ചർച്ചകൾ നടക്കുന്നില്ലെന്ന് നേതാക്കൾ വ്യക്തമാക്കിയിരുന്നു. അതേസമയം അൻവർ വിളിച്ച് പൊതുസമ്മേളനത്തിൽ മുസ്ലിം ലീഗിന്റെ നേതാക്കൾ പങ്കെടുത്തിരുന്നു. ഇതിനെല്ലാം ശേഷമാണ് അൻവർ വെള്ളാപ്പള്ളിയെ സന്ദർശിക്കാനെത്തുന്നത്.
Be the first to comment