‘ആ മനുഷ്യന്‍ എന്നെ ചതിച്ചു’: മുഖ്യമന്ത്രിക്കെതിരേ പരസ്യ യുദ്ധപ്രഖ്യാപനവുമായി പിവി അന്‍വര്‍, പോലീസിനെതിരേ വീഡിയോ തെളിവുകള്‍ പുറത്തുവിട്ടു

സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി പരസ്യയുദ്ധപ്രഖ്യാപനം നടത്തി നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. പോലീസ് സ്വര്‍ണം പിടിച്ച കേസുകളില്‍ സിറ്റിങ് ജഡ്ജിയെ നിയോഗിച്ച് പുനഃരന്വേഷണം നടത്താന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്നാണ് ഇന്നു മലപ്പുറത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അന്‍വര്‍ വെല്ലുവിളിച്ചത്. സ്വര്‍ണക്കടത്ത് സംബന്ധിച്ച് താന്‍ ഉന്നയിച്ച പരാതികളില്‍ മുഖ്യമന്ത്രി തന്നെ ചതിച്ചുവെന്നും അന്‍വര്‍ ആരോപിച്ചു.

സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ രണ്ട് ക്യാരിയര്‍മാരുമായി നടത്തിയ സംഭാഷണത്തിന്റെ വിഡീയോ ദൃശ്യങ്ങള്‍ സഹിതമുള്ള തെളിവുകള്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടായിരുന്നു അന്‍വറിന്റെ വെല്ലുവിളി. ഈ കാര്യയര്‍മാരുടെ കേസുകളില്‍ മാത്രം 980 ഗ്രാം സ്വര്‍ണം പോലീസ് വെട്ടിച്ചിട്ടുണ്ടെന്നും ഇതുപോലെ 186 കേസുകള്‍ കൂടിയുണ്ടെന്നും പറഞ്ഞ അന്‍വര്‍ ഈ കേസുകളില്‍ നിന്നു വെട്ടിച്ചെടുത്ത സ്വര്‍ണത്തിന്റെ പങ്ക് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി, എഡിജിപി എംആര്‍ അജിത്കുമാര്‍, മലപ്പുറം മുന്‍ എസ്പി എസ് സുജിത്ദാസ് എന്നിവര്‍ കൈപ്പറ്റിയിട്ടുണ്ടെന്നും അന്‍വര്‍ ആരോപിച്ചു.

ഈ വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് നിരവധി കത്തുകളയച്ചിട്ടുണ്ടെന്നും അദ്ദേഹത്തെ നേരിട്ട് കണ്ട് മുഴുവന്‍ കാര്യങ്ങളും തെളിവുകളും വ്യക്തമാക്കിയതാണെന്നും എന്നാല്‍ നല്‍കിയ ഉറപ്പുകളില്‍ നിന്നു പിന്നോട്ടുപോയി മുഖ്യമന്ത്രി തന്നെ ചതിക്കുകയായിരുന്നുവെന്നും അന്‍വര്‍ പറഞ്ഞു. പോലീസിലെ പുഴുക്കുത്തുകളെ ഒഴിവാക്കുമെന്നു പരസ്യമായി പ്രഖ്യാപിച്ച മുഖ്യമന്ത്രി പിന്നീട് അക്കാര്യത്തില്‍ പിന്നോക്കം പോയത് ആരുടെ പ്രേരണയിലാണെന്നും അന്‍വര്‍ ചോദിച്ചു.

നാട്ടില്‍ നടക്കുന്ന സ്ഥിതിവിശേഷങ്ങള്‍ മുഖ്യമന്ത്രി അറിയാത്ത സാഹചര്യമാണെന്നും എല്ലാം നിയന്ത്രിക്കുന്ന പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയെന്ന ‘കാട്ടുകള്ളനാ’ണെന്നും അന്‍വര്‍ തുറന്നടിച്ചു. പോലീസില്‍ നടക്കുന്ന കാര്യങ്ങള്‍ മുഖ്യമന്ത്രിയെ ശശി അറിയിക്കുന്നില്ല. ശശിയും എഡിജിപിയും എഴുതിക്കൊടുക്കുന്നത് വായിക്കുകയെന്ന ചുമതലമാത്രമാണ് ഇപ്പോള്‍ മുഖ്യമന്ത്രി ചെയ്യുന്നതെന്നും അന്‍വര്‍ ആരോപിച്ചു.

2021-ല്‍ എല്‍ഡിഎഫ് തുടര്‍ഭരണം നേടിയത് മുഖ്യമന്ത്രിയുടെ വ്യക്തപ്രഭാവം മൂലമാണെന്നു വിശ്വസിച്ച ആളാണ് താനെന്നും എന്നാല്‍ ആ സൂര്യശോഭ ഇപ്പോള്‍ കെട്ടുപോയെന്നും മുഖ്യമന്ത്രിയുടെ ഗ്രാഫ് നൂറില്‍ നിന്നു പൂജ്യത്തിലേക്ക് വീണെന്നും അന്‍വര്‍ പറഞ്ഞു. പരസ്യപ്രസ്താവനകള്‍ പാടില്ലെന്ന് കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് നല്‍കിയ താക്കീത് ലംഘിച്ചാണ് ഇന്ന് അന്‍വര്‍ മാധ്യമങ്ങളെ കണ്ടത്. പാര്‍ട്ടി നിര്‍ദേശം ലംഘിച്ചതോടെ ഈ വിഷയത്തില്‍ ഒട്ടുംതന്നെ പിന്നോട്ടില്ലെന്നു വ്യക്തമാക്കുകയാണ് അന്‍വര്‍.

പാര്‍ട്ടിയുടെ അഭ്യര്‍ഥന മാനിച്ച് താന്‍ പരസ്യപ്രസ്താവന നിര്‍ത്തിയതാണെന്നും എന്നാല്‍ അന്വേഷണം അട്ടിമറിക്കാനും തന്നെ പ്രതിയാക്കാനുമുള്ള ശ്രമങ്ങള്‍ നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് താന്‍ വീണ്ടും വാര്‍ത്താ സമ്മേളനം നടത്തുന്നതെന്നും അറസ്റ്റിലാകും മുമ്പ് പൊതുസമൂഹത്തിനു മുന്നില്‍ തന്റെ ഉദ്ദേശശുദ്ധിയും നിരപരാധിത്വം ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

”മുഖ്യമന്ത്രി എന്നെ കുറ്റവാളിയാക്കുന്ന സമീപനമാണ് സ്വീകരിച്ചത്. കള്ളക്കടത്തുകാരെ മഹത്വവത്കരിക്കുന്ന ആളാണ് ഞാന്‍ എന്ന ധ്വനിയിലാണ് മുഖ്യമന്ത്രി സംസാരിച്ചത്. എനിക്ക് ഡാമേജുണ്ടാക്കി. മുഖ്യമന്ത്രി ഇത്രയും കടന്നു പറയേണ്ടിയിരുന്നില്ല.പാര്‍ട്ടിയും അതു തിരുത്തിയില്ല. എന്റെ പ്രതീക്ഷ മുഴുവന്‍ പാര്‍ട്ടിയിലായിരുന്നു. എന്നാല്‍ പാര്‍ട്ടി വിശ്വാസം കാത്തില്ല. നൊട്ടോറിയസ് ക്രിമിനലായ എഡിജിപി എം ആര്‍ അജിത്കുമാര്‍ പറയുന്നപോലെയാണ് മുഖ്യമന്ത്രിയും പാര്‍ട്ടിയും പ്രവര്‍ത്തിക്കുന്നത്,” അന്‍വര്‍ പറഞ്ഞു.

പാര്‍ട്ടി നേതാക്കന്മാര്‍ക്കു പോലും ഒരു ജനകീയ പ്രശ്‌നവുമായി ബന്ധപ്പെട്ട് പോലീസ് സ്‌റ്റേഷനിലേക്കു പോകാനാകാത്ത സ്ഥിതിയണ് ഇപ്പോള്‍ കേരളത്തിലെന്നും അതിനു കാരണം, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയാണെന്നും അന്‍വര്‍ ആരോപിച്ചു. ”പാര്‍ട്ടിക്കാരനാണെന്നു പറഞ്ഞു പോലീസ് സ്‌റ്റേഷനില്‍ ചെന്നാല്‍ രണ്ടടി കൂടുതല്‍ കിട്ടുന്ന സാഹചര്യമാണ് ഇപ്പോള്‍ കേരളത്തില്‍. ഇതിനു കാരണം പൊളിറ്റിക്കല്‍ സെക്രട്ടറിയാണ്. മുഖ്യമന്ത്രിക്ക് ഇതേക്കുറിച്ചൊന്നും അറിയില്ല. അജിത്കുമാര്‍ എഴുതികൊടുക്കുന്നത് പറയുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. ഇനി ഹൈക്കോടതിയിലാണ് എന്റെ പ്രതീക്ഷ. ഉടന്‍ കോടതിയെ സമീപിക്കും”- അന്‍വര്‍ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*