വിശ്വസിച്ചവര്‍ മുഖ്യമന്ത്രിയെ ചതിച്ചു, ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തിയത് പി ശശിയും എഡിജിപി അജിത് കുമാറും’; വീണ്ടും ആരോപണവുമായി അന്‍വര്‍

മലപ്പുറം: എഡിജിപി എം ആര്‍ അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി പി വി അന്‍വര്‍. എഡിജിപി എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി കണ്ടിരുന്നില്ല. ആ റിപ്പോര്‍ട്ട് അജിത് കുമാറും പി ശശിയും ചേര്‍ന്ന് പൂഴ്ത്തുകയായിരുന്നുവെന്ന് പിവി അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ അടുത്തേക്ക് കാര്യങ്ങള്‍ എത്തുന്നില്ല. പി ശശിയെന്ന ബാരിക്കേഡില്‍ തട്ടി കാര്യങ്ങള്‍ നില്‍ക്കുകയാണ്. വിശ്വസിക്കുന്നവര്‍ ചതിച്ചാല്‍ ഒന്നും ചെയ്യാന്‍ കഴിയില്ല. മുഖ്യമന്ത്രി വിശ്വസിച്ചവരാണ് ചതിച്ചതെന്നും പിവി അന്‍വര്‍ പറഞ്ഞു. ലോകം മുഴുവന്‍ കുലുങ്ങിയാലും തനിക്ക് ബോധ്യപ്പെടുന്നത് വരെ മുഖ്യമന്ത്രി കുലുങ്ങില്ല. ആ ബോധ്യപ്പെടലിലേക്ക് കാര്യങ്ങളെത്തിക്കൊണ്ടിരിക്കുകയാണ്. അത് പരിപൂര്‍ണ ബോധ്യമ വരുന്നതോടെ, അതില്‍ തീരുമാനമുണ്ടാകുമെന്നാണ് വിശ്വസിക്കുന്നതെന്നും അന്‍വര്‍ പറഞ്ഞു.

പാര്‍ട്ടി ഉത്തരവാദിത്വത്തോടെ ഏല്‍പ്പിച്ച ജോലി പി ശശി ചെയ്തില്ല. പൊലീസിലെ പ്രശ്‌നങ്ങള്‍ അറിയാനും ഗവണ്‍മെന്റിനെ അറിയിക്കാനും ആണ് പൊളിറ്റിക്കല്‍ സെക്രട്ടറിയെ നിയമിച്ചിട്ടുള്ളത്. ശശിക്കെതിരെ പരാതി നല്‍കിയിട്ടില്ല എന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞത്. പരാതി എഴുതിക്കൊടുക്കാന്‍ പോകുന്നതേയുള്ളൂ. പി ശശിയ്‌ക്കെതിരെ രണ്ട് ദിവസത്തിനകം പാര്‍ട്ടി സെക്രട്ടറിക്ക് പരാതി നല്‍കുമെന്ന് അന്‍വര്‍ വ്യക്തമാക്കി.

പോലീസിലെ ആർഎസ്എസ് സംഘം സർക്കാറിനെ പ്രതിസന്ധിയിലാക്കുകയാണ്. ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനെ പിന്തുണച്ചയാളാണ് സ്വാമി സന്ദീപാനന്ദ ഗിരി. ഇതിനെതുടർന്ന് അദ്ദേഹത്തിന്റെ ആശ്രമം കത്തിച്ചു. ഈ കേസിൽ പ്രതികളെ രക്ഷപ്പെടുത്താനാണ് പോലീസ് നീക്കം നടത്തിയതെന്നും പി.വി അൻവർ ആരോപിച്ചു.

ആശ്രമം കത്തിച്ചത് ആർഎസ്എസുകാരാണെന്ന് സന്ദീപാനന്ദഗിരി പറഞ്ഞിട്ടും അവരുടെ ഫോൺ രേഖകൾ പരിശോധിച്ചില്ല. ഈ കേസ് അന്വേഷിച്ച ഡിവൈഎസ്പിയാണ് കേസ് വഴി തിരിച്ചുവിട്ടത്. ഈ ഉദ്യോഗസ്ഥൻ വിരമിച്ച ശേഷം, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ‌ ബിജെപിയുടെ ബൂത്ത് ഏജൻ്റ് ആയിരുന്നെന്നും പി വി അൻവർ പറഞ്ഞു. പിന്നീട് മുഖ്യമന്ത്രി ഇടപെട്ട് മറ്റൊരു സംഘത്തെ നിയോഗിച്ചാണ് പ്രതികളെ പിടികൂടിയതെന്നും അൻവർ കൂട്ടിച്ചേർത്തു.

Be the first to comment

Leave a Reply

Your email address will not be published.


*