സിപിഐഎം പ്രത്യാക്രമണം തുടരുന്നതിനിടെ മലപ്പുറം ജില്ലാ സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പി.വി അന്‍വര്‍ എംഎല്‍എ

സിപിഐഎം പ്രത്യാക്രമണം തുടരുന്നതിനിടെ മലപ്പുറം ജില്ലാ സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പി.വി അന്‍വര്‍ എംഎല്‍എ. ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസിന് ആര്‍എസ്എസ് മനസ്സാണെന്നാണ് അന്‍വറിന്റെ പുതിയ ആരോപണം. 

ന്യൂനപക്ഷങ്ങളെ കള്ളക്കേസില്‍ കുടുക്കാന്‍ കൂട്ടുനിന്നു. നാളത്തെ പൊതുസമ്മേളനത്തില്‍ തെളിവുകള്‍ പുറത്തുവിടുമെന്നും അന്‍വര്‍ പറഞ്ഞു. പി വി അന്‍വര്‍മായുള്ള ബന്ധം പാര്‍ട്ടി ഉപേക്ഷിച്ചതോടെ മലപ്പുറം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ് രൂക്ഷ പ്രതികരണം അന്‍വറിനെതിരെ നടത്തിയിരുന്നു. ഇതാണ് അന്‍വറിനെ ചൊടുപ്പിച്ചത്.

 മോഹന്‍ദാസിന് മുസ്ലിം വിരോധമാണെന്നും ആര്‍എസ്എസിന് വേണ്ടി രാപ്പകല്‍ പണിയെടുക്കുകയാണെന്നും അന്‍വര്‍ വാര്‍ത്താ സമ്മേളനത്തിലൂടെ തുറന്നടിച്ചു. ആര്‍എസ്എസ് ബന്ധം കാരണം ഒരു ജില്ലാ സെക്രട്ടറിയേറ്റ് അംഗം സെക്രട്ടറിയെ മര്‍ദ്ദിക്കാന്‍ വരെ തുനിഞ്ഞു. 2021ല്‍ തന്നെ നിലമ്പൂരില്‍ തോല്‍പ്പിക്കാന്‍ ശ്രമിച്ചു. തെളിവുകളടക്കം മോഹന്‍ദാസിനെതിരെ നാളെ പൊതുസമ്മേളനത്തില്‍ തുറന്നു പറയുമെന്നും അന്‍വര്‍ ആഞ്ഞടിച്ചു.

 ഇന്നലെ അന്‍വറിനെതിരെ നിലമ്പൂരില്‍ നടന്ന സിപിഎം പ്രതിഷേധ പ്രകടനത്തില്‍ കൊലവിളി മുദ്രാവാക്യം ഉയര്‍ന്നിരുന്നു. ഇതു തള്ളി സിപിഐ രംഗത്തെത്തി. കയ്യും കാലും വെട്ടുന്നത് കമ്മ്യൂണിസ്റ്റ് ശൈലിയല്ലെന്നും ആശയങ്ങളെ എതിര്‍ക്കേണ്ടത് ആശയങ്ങള്‍ കൊണ്ടാകണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*