കൊച്ചി: ട്വന്റി 20 മെഡിക്കല്‍ സ്റ്റോര്‍ പൂട്ടിച്ചതിന് പിന്നില്‍ കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജന്‍ ആണെന്ന ആരോപണം നിഷേധിച്ച് എംഎല്‍എ. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നതിന് ശേഷം രാഷ്ട്രീയ പാര്‍ട്ടിയുടെ മെഡിക്കല്‍ സ്റ്റോര്‍ ഉദ്ഘാടനം ചെയ്യരുതെന്ന് സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് അറിയില്ലേയെന്ന് പി വി ശ്രീനിജന്‍ ചോദിക്കുന്നു. പൂട്ടുമെന്ന് അറിഞ്ഞുകൊണ്ട് തന്നെയാവണം സ്ഥാപനം തുടങ്ങിയത്. പരാതി ലഭിച്ചാല്‍ എംഎല്‍എ എന്ന നിലയില്‍ ഇടപെടാന്‍ തയ്യാറാണെന്നും ശ്രീനിജന്‍ പ്രതികരിച്ചു.
കിഴക്കമ്പലത്തെ ട്വന്റി20യുടെ മെഡിക്കല്‍ സ്റ്റോര്‍ പ്രവര്‍ത്തനമായിരുന്നു ജില്ലാ കളക്ടര്‍ ഇടപെട്ട് തടഞ്ഞത്. പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിന് ശേഷമായിരുന്നു മെഡിക്കല്‍ സ്റ്റോറിൻ്റെ ഉദ്ഘാടനം. ഇതിനെതിരെ ജില്ലാ കളക്ടര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു റിട്ടേണിങ് ഓഫീസര്‍ കൂടിയായ കളക്ടറുടെ നടപടി. എന്നാല്‍ ഇതിന് പിന്നില്‍ സിപിഐഎമ്മും പി വി ശ്രീനിജനും ആണെന്നായിരുന്നു സാബു എം ജേക്കബിൻ്റെ ആരോപണം. സാബു എം ജേക്കബിൻ്റെ ഉടമസ്ഥതയിലുള്ള കിറ്റെക്‌സ് കമ്പനിയിലെ മാലിന്യം കാരണം നിരവധിപേര്‍ ആരോഗ്യപ്രശ്‌നങ്ങളാല്‍ വലയുകയാണ്.
ഇതിനെതിരായ പ്രതിഷേധത്തെ മറികടക്കാന്‍ കൂടിയാണ് മെഡിക്കല്‍ സ്റ്റോറുകള്‍ വഴി സൗജന്യമായി മരുന്ന് വിതരണം ചെയ്യുന്നതെന്നും എംഎല്‍എ ആരോപിച്ചു. കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ തൻ്റെ വിജയം ഇപ്പോഴും സാബു ജേക്കബിന് അംഗീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്ത് രാഷ്ട്രീയമായാലും ജനപ്രതിനിധിയെ അംഗീകരിക്കേണ്ടതുണ്ട്. നരേന്ദ്രമോദിയോട് നമുക്ക് വിരോധം ഉണ്ട്. എന്നാല്‍ രാജ്യത്തിൻ്റെ പ്രധാനമന്ത്രിയെന്ന നിലയില്‍ നമ്മള്‍ അദ്ദേഹത്തെ അംഗീകരിക്കുന്നില്ലേ. തോറ്റതിലുള്ള സങ്കടമാണ് അദ്ദേഹത്തിനെന്നും ശ്രീനിജന്‍ പറഞ്ഞു.
Be the first to comment