വിഷുച്ചിത്രങ്ങള്‍ പ്രതിസന്ധിയില്‍; മലയാള സിനിമകളുടെ ബുക്കിങ് ബഹിഷ്‌കരിച്ച് പി വി ആര്‍

ഡിജിറ്റല്‍ കണ്ടന്റ് പ്രൊജക്ഷനെ ചൊല്ലി തര്‍ക്കത്തെ തുടര്‍ന്ന് ഇന്ത്യയിലെ മുഴുവന്‍ സ്‌ക്രീനുകളിലും പുതിയ മലയാള ചിത്രങ്ങളുടെ ബുക്കിങ് ബഹിഷ്‌കരിച്ച് പി വിആര്‍. ഇതോടെ, ആവേശം, വര്‍ഷങ്ങള്‍ക്ക് ശേഷം ഉള്‍പ്പെടെയുള്ള വിഷുച്ചിത്രങ്ങള്‍ പ്രതിസന്ധിയിലായി. നിര്‍മ്മാണം പൂര്‍ത്തിയാകുന്ന സിനിമകള്‍ തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയും വിധം മാസ്റ്ററിങ് ചെയ്ത് എത്തിച്ചിരുന്നത് യു എഫ് ഒ, ക്യൂബ് പോലെയുള്ള കമ്പനികളായിരുന്നു. ഇത്തരം സേവനദാതാക്കള്‍ ഉയര്‍ന്ന നിരക്ക് ഈടാക്കുന്നു എന്ന് ചൂണ്ടിക്കാട്ടി നിര്‍മ്മാതാക്കളുടെ സംഘടന സ്വന്തമായി മാസ്റ്ററിങ് യൂണിറ്റ് തുടങ്ങി.

ഒരു സ്‌ക്രീനില്‍ സിനിമ എത്തിക്കാന്‍ മറ്റ് കമ്പനികള്‍ ഉയര്‍ന്ന നിരക്ക് ഈടാക്കുമ്പോള്‍ വെറും 5500 രൂപക്ക് അണ്‍ലിമിറ്റഡ് കണ്ടന്റ് എന്നതായിരുന്നു പ്രത്യേകത. കേരളത്തില്‍ പുതിയതായി പ്രവര്‍ത്തനം തുടങ്ങുന്ന തീയറ്ററുകള്‍ തങ്ങളുടെ ഡിജിറ്റല്‍ കണ്ടന്റ് എടുക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

കൊച്ചി ഫോറം മാളില്‍ ഇന്നു മുതല്‍ പ്രവര്‍ത്തനം തുടങ്ങിയ പി വി ആര്‍ പക്ഷേ ഇതിന് തയാറായില്ല. ഇതോടെ സ്ഥിതി വഷളായി. മറ്റ് കമ്പനികളുമായി നേരത്തെ തന്നെ കരാറില്‍ ഏര്‍പ്പെട്ടതാണെന്നും അതില്‍ നിന്ന് പിന്‍മാറാന്‍ കഴിയില്ലെന്നുമാണ് പി വി ആര്‍ നല്‍കുന്ന വിശദീകരണം.

കൊച്ചിയില്‍ നിര്‍മ്മാതാക്കളുടെ സംഘടനയും പി വി ആര്‍ പ്രതിനിധികളും തമ്മില്‍ ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമായില്ല. ഇതോടെ ഇന്ത്യയിലെ 1500 ഓളം വരുന്ന സ്‌ക്രീനുകളില്‍ നാളെ റിലീസാകേണ്ട മലയാളം സിനിമകളുടെ ബുക്കിങ് തുടങ്ങാതെ ബഹിഷ്‌ക്കരണം പ്രഖ്യാപിച്ചിരിക്കുകയാണ് പി വി ആര്‍.

Be the first to comment

Leave a Reply

Your email address will not be published.


*