ഹോട്ടലുകളുടെ ഗുണനിലവാരം അറിയാം; പുതിയ ആപ്പുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

ഹോട്ടലുകളുടെ ഗുണനിലവാരം ഉപഭോക്താക്കൾക്ക് തന്നെ പരിശോധിച്ചറിയാൻ പുതിയ ആപ്പുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്. ഈ ആപ്പ് വരുന്നതോടെ ഇനി ഹോട്ടലുകളുടെ വൃത്തിയും ഗുണനിലവാരവും  ഉപഭോക്താക്കൾക്ക് കൃത്യമായി അറിയാൻ സാധിക്കും. നിലവിൽ ഭക്ഷണത്തിന്റെ രുചി അനുസരിച്ച് മാത്രം റേറ്റിംഗ് നൽകുന്ന ആപ്പുകളാണ് പ്ലേ സ്റ്റോറിൽ ഉള്ളത്. 

ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഹൈജീൻ റേറ്റിംഗ് സ്‌കീം പ്രോഗ്രാമിന്റെ ഭാഗമായാണ് ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. പെട്ടെന്ന് ഒരു സ്ഥലത്ത് ചെന്നുപെട്ടാൽ വൃത്തിയും ഗുണനിലവാരവുമുള്ള ഹോട്ടൽ കണ്ടെത്താൻ ഈ ആപ്ലിക്കേഷൻ നിങ്ങളെ സഹായിക്കും.

ചെറുകിട ഹോട്ടലുകൾ, കഫിറ്റേരിയകൾ, ധാബ, മിഠായി വിൽപന ശാലകൾ, ഇറച്ചിക്കടകൾ എന്നിവ മുതൽ സ്റ്റാർ ഹോട്ടലുകളുടെ വരെ റേറ്റിംഗ് ആപ്പിലൂടെ അറിയാം. ഹോട്ടലുകളിലെ ശുചിത്വം, പാത്രങ്ങളുടെ നിലവാരവും വൃത്തിയും, വെന്റിലേഷൻ, തുടങ്ങി എഫ്എസ്എസ്എഐ ആക്ട് 2006 ഷെഡ്യൂൾ 4 ൽ നിഷ്‌കർഷിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പ്രകാരമാണ് ഹോട്ടലുകൾക്ക് റേറ്റിംഗ് നൽകുന്നത്.

ആപ്പിൽ ഹോട്ടലുകളുടെ ചിത്രങ്ങൾ, വിവരങ്ങൾ, വിലവിവര പട്ടിക, ഹോട്ടലിലേക്ക് പെട്ടെന്ന് എത്തിച്ചേരാനുള്ള വഴികൾ എന്നിവ നൽകിയിരിക്കും. 

കേരളത്തിൽ മാത്രം രണ്ട് മുതൽ മൂന്ന് ലക്ഷം FSSAI രജിസ്‌റ്റേർഡ് ഹോട്ടലുകളാണ് പ്രവർത്തിക്കുന്നത്. ഇതിൽ 800 ഹോട്ടലുകൾ നിലവിൽ ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബാക്കിയുള്ള ഹോട്ടലുകളെ കൂടി ഉൾപ്പെടുത്താനാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നീക്കം. ജനുവരി പകുതിയോടെ ആപ്പ് പ്ലേ സ്റ്റേറിൽ ലഭ്യമാകുമെന്ന് ഫുഡ് സേഫ്റ്റി ഓഫിസർ അൻഷ ജോൺ  പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*