ഇന്നു വരെ കേട്ടിട്ടില്ലാത്ത വിവിധ തരം പനികൾ, ജീവിതശൈലീ രോഗങ്ങൾ, യുവാക്കളുടെയും കുട്ടികളുടെയും പോലും ജീവനെടുക്കുന്ന മാരക രോഗങ്ങൾ ഇവയിലൂടെയാണ് ഇന്ന് കേരളീയർ ജീവിക്കുന്നത്. ഈ സാഹചര്യത്തിലാണ് യാതൊരു ഗുണനിലവാരവുമില്ലാത്ത അലോപ്പതി മരുന്നുകൾ വൻ തോതിൽ വിറ്റഴിയുന്നത്. ജീവൻ രക്ഷാ മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിൽ പോലും കേരളം വൻ ജാഗ്രതക്കുറവാണ് കാണിക്കുന്നതെന്നു വ്യക്തം.
സംസ്ഥാനത്ത് ആകെയുള്ളത് 30,500 മെഡിക്കൽ സ്റ്റോറുകളാണ്. എല്ലാ മാസവും എല്ലാ മെഡിക്കൽ സ്റ്റോറുകളിലും നിന്ന് മരുന്നുകളുടെ സാമ്പിളുകൾ ശേഖരിച്ച് ഗുണനിലവാരം ഉറപ്പാക്കണം എന്നൊക്കെ നിയമമുണ്ടെങ്കിലും ഇതെല്ലാം നടപ്പാക്കാൻ വേണ്ടത്ര ഉദ്യോഗസ്ഥർ ആരോഗ്യവകുപ്പിനില്ല. ആകെയുള്ളത് 50ൽ താഴെ ഉദ്യോഗസ്ഥർ മാത്രം. 2022ൽ ഈ ഉദ്യോഗസ്ഥർക്ക് ആകെ പരിശോധന നടത്താനായത് 200 മെഡിക്കൽ സ്റ്റോറുകളിലാണ്. എന്നിട്ടും അന്ന് അറുപതോളം കാലാവധി കഴിഞ്ഞ മരുന്നുകളും ശരിയായ രീതിയിൽ സൂക്ഷിക്കാത്തതു കൊണ്ടു മാത്രം കേടായ മരുന്നുകളും ഉണ്ടായിരുന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്നും വൻ തോതിൽ ഒഴുകിയെത്തുന്ന മരുന്നുകൾ യാതൊരു ഗുണനിലവാരവും ഉറപ്പു വരുത്താതെ കേരളത്തിലെ മെഡിക്കൽ ഷോപ്പുകളിലും ആശുപത്രികളിലും നിറയുന്നതിനു കാരണവും വേണ്ടത്ര ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് ഇല്ലാത്തതാണ്.
ഗുജറാത്ത്, ആന്ധ്ര, പഞ്ചാബ്, ബിഹാർ, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നു വരുന്ന മരുന്നുകൾ അവരുടെ ലാബുകളിലെ പ്രാഥമിക പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ടെന്ന് അവകാശപ്പെടുന്നതല്ലാതെ ഇതു കേരളത്തിലെത്തുമ്പോൾ വേണ്ട പരിശോധന നടത്താൻ വേണ്ടത്ര ഉദ്യോഗസ്ഥരില്ലെന്നതോ പോകട്ടെ, ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന് കേരളത്തിൽ പലയിടത്തും സ്വന്തമായി വാഹനം പോലുമില്ലെന്നതാണ് സത്യം.
കൂടുതലും സാധാരണക്കാരായ മനുഷ്യർ സർക്കാർ ആശുപത്രികളെയും കാരുണ്യ ഫാർമസികളെയും ആശ്രയിക്കുന്നവരാണ്. ഇവിടെയൊക്കെയാണ് കാലാവധി കഴിഞ്ഞതും ഗുണനിലവാരമില്ലാത്തതുമായ മരുന്നുകൾ വൻ തോതിൽ വിതരണം ചെയ്യപ്പെടുന്നത്. കൂടുതലായും പനി, പ്രമേഹം, സന്ധിവാതം, മലേറിയ, ബാക്റ്റീരിയ അണുബാധ, അലർജി, ഹൃദ്രോഗം, നീർവീക്കം, വിറ്റാമിൻ ഡി3 എന്നിവയുടെ കുറവ് എന്നിവയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളാണ് നിരോധനം നേരിടുന്ന മരുന്നുകളിൽ ഉൾപ്പെടുന്നത്.
മരുന്നുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനുള്ള നടപടികളിൽ ഡ്രഗ്സ് കണ്ട്രോൾ വിഭാഗം വീഴ്ച വരുത്തുന്നതായി കഴിഞ്ഞ വർഷം വിജിലൻസ് കണ്ടെത്തിയിരുന്നു. ഡ്രഗ്സ് ഇൻസ്‌പെക്ടർമാർ പ്രതിമാസം കുറഞ്ഞത് 23 സാമ്പിളുകളെങ്കിലും ശേഖരിച്ച് ലാബുകളിൽ പരിശോധനയ്ക്ക് അയക്കണം എന്നാണ് ചട്ടം. വിവിധ മെഡിക്കൽ സ്റ്റോറുകളിൽ നിന്നാണ് മരുന്ന് ശേഖരിക്കേണ്ടത്. എന്നാൽ ഇതിനു പകരം ഒരൊറ്റ മെഡിക്കൽ ഷോപ്പിൽ നിന്നുമാത്രം 13 സാമ്പിളുകൽ ശേഖരിച്ച് പരിശോധന അട്ടിമറിക്കുകയാണെന്നും വിജിലന്സ് കണ്ടെത്തിയിരുന്നു. ആളില്ലാത്തതു കാരണം ഇവയുടെ പരിശോധന പലപ്പോഴും ചടങ്ങായി മാറുകയാണെന്നാണ് ഡ്രഗ്സ് കണ്ട്രോൾ വിഭാഗത്തിന്‍റെ വിശദീകരണം.
Be the first to comment