
ക്രിസ്മസ് ചോദ്യപേപ്പർ ചോർച്ച കേസിൽ അറസ്റ്റിലായ MS സൊല്യൂഷൻസ് CEO മുഹമ്മദ് ഷുഹൈബിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. കസ്റ്റഡി അപേക്ഷയും സത്യവാങ്മൂലവും നാളെ സമർപ്പിക്കും. താമരശ്ശേരി ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ചത്.
ചോദ്യപേപ്പർ ചോർച്ച കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷുഹൈബ് ചോദ്യം ചോർന്നെന്ന് സമ്മതിക്കുമ്പോഴും തനിക്ക് പങ്കില്ലെന്ന് ആവർത്തിക്കുകയാണ്. ഉത്തരവാദികൾ മറ്റു പ്രതികൾ എന്നാണ് ഷുഹൈബ് മൊഴി നൽകിയത്. നിലവിൽ 14 ദിവസത്തെ റിമാൻഡിലാണ് പ്രതി.
അതേസമയം, കേസിൽ കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാൻ ഒരുങ്ങിയിരിക്കുകയാണ് ക്രൈം ബ്രാഞ്ച്. ഷുഹൈബ് ഉൾപ്പെടെ അന്വേഷണവുമായി സഹകരിക്കാത്തതോടെ ആണ് നീക്കം. പ്രതികളായ അധ്യാപകൻ ഫഹദിന്റെയും പ്യൂൺ അബ്ദുൽ നാസറിന്റെയും ഫോണിലെ വിവരങ്ങൾ റിക്കവർ ചെയ്തെടുക്കും.ഇരുവരും ഫോണിലെ ഡാറ്റകൾ ഫോർമാറ്റ് ചെയ്തതായാണ് കണ്ടെത്തൽ.
കേസിൽ നാലാം പ്രതിയായ അബ്ദുൽ നാസറിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ക്രൈംബ് ബ്രാഞ്ച് കോടതിയെ സമീപിച്ചിട്ടുണ്ട്. പ്രതികളുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചും ഗൂഢാലോചനയിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നും അന്വേഷിച്ച് വരികയാണ്. കേസിലെ 2 , 3 പ്രതികളും MS സൊല്യൂഷൻസിലെ അധ്യാപകരുമായ ഫഹദ്, ജിഷ്ണു എന്നിവർക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു.
Be the first to comment