ചോദ്യപ്പേപ്പർ ചോർച്ചയിൽ MS സൊല്യൂഷൻ ഉടമ ശുഹൈബിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ ക്രൈം ബ്രാഞ്ച് നീക്കം. എന്നാൽ, ഇത് മുൻകൂട്ടി കണ്ട ശുഹൈബ് ഒളിവിലെന്നാണ് സൂചന. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ശുഹൈബ് മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നുവെന്ന വിവരവും പുറത്തുവരുന്നുണ്ട്. കൊടുവള്ളിയിലെ MS സൊല്യൂഷനിലും CEO ശുഹൈബിൻ്റെ വീട്ടിലും ക്രൈം ബ്രാഞ്ച് ഇന്നലെ പരിശോധന നടത്തിയിരുന്നു.
ഹാർഡ് ഡിസ്ക്, ലാപ്ടോപ്പ്, മൊബൈൽ ഫോൺ തുടങ്ങിയവ പിടിച്ചെടുക്കുകയും ചെയ്തു. പ്രാഥമിക പരിശോധനയിൽ ചോദ്യപേപ്പറുമായി ബന്ധപ്പെട്ട വിവരങ്ങൾ അന്വേഷണ സംഘത്തിന് ഇവയിൽ നിന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇലക്ട്രോണിക് ഉപകരണങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയക്കാനാണ് തീരുമാനം. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസമാണ് ചോദ്യപേപ്പർ ചോർച്ചയിൽ ക്രൈം ബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. കൂടുതൽ ട്യൂഷൻ സെൻ്ററുകളും അന്വേഷണ സംഘത്തിൻ്റെ പരിധിയിലാണ്.
മാത്രമല്ല ചോദ്യപേപ്പർ ചോർച്ചയിൽ അധ്യാപകർക്ക് പങ്കുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ച വിവരം. ആരോപണ വിധേയരായ എംഎസ് സൊലൂഷൻസിന്റെ ക്ലാസുകളുമായി സഹകരിച്ചിരുന്ന അധ്യാപകരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
അതേസമയം, കർശന നടപടിയുമായി മുന്നോട്ടു പോകാനാണ് വിദ്യാഭ്യാസ വകുപ്പിൻ്റെ തീരുമാനം. ടേം പരീക്ഷ ചോദ്യപേപ്പർ ഉൾപ്പടെ സാങ്കേതിക രീതിയിൽ തയ്യാറാക്കും. ഗുണനിലവാരം നിലനിർത്തി മുന്നോട്ടു പോകും. വകുപ്പ് തല സമിതിയുടെ അന്വേഷണത്തിന് അനുസരിച്ച് തുടർ നടപടി ഉണ്ടാകുമെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.
Be the first to comment