സർക്കാർ സർവീസിലുള്ള അധ്യാപകരുടെ സ്വകാര്യ ട്യൂഷൻ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ ഡയറക്ടർമാർക്ക് നിർദേശം നൽകി. ക്രിസ്മസ് പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്ന സാഹചര്യത്തിലാണ് ട്യൂഷൻ സെന്ററുകളിലും ഓൺലൈൻ പ്ലാറ്റ് ഫോമുകളിലും പഠിപ്പിക്കുന്ന സർക്കാർ അധ്യാപരുടെ വിവരങ്ങൾ ശേഖരിക്കുന്നത്. നാളെ വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരും. ഇത്തരം അധ്യാപകർക്കുള്ള നടപടികളും യോഗം ചർച്ച ചെയ്യും. ചോദ്യപേപ്പർ ചോർച്ചയിൽ എവിടെയാണ് സുരക്ഷ വീഴ്ച സംഭവിച്ചത് എന്ന് വിശദമായി പരിശോധിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
പ്ലസ് വൺ കണക്ക് പരീക്ഷയുടെയും എസ്എസ്എൽസി ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യങ്ങളായിരുന്നു ചോർന്നത്. എം എസ് സൊല്യൂഷൻ എന്ന യൂട്യൂബ് ചാനലിലൂടെയാണ് ചോദ്യങ്ങൾ പുറത്തായത്. പതിനായിരത്തിലധികം വിദ്യാർഥികൾ ഈ വീഡിയോ കണ്ടിരുന്നു. സ്വകാര്യ ട്യൂഷനെടുക്കുന്ന അധ്യാപകരുടെ വിവരങ്ങൾ ശേഖരിക്കാൻ എഇഒ, ഡിഇഒ മാർക്ക് നിർദേശംനൽകുമെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. അർധവാർഷിക പരീക്ഷയായതിനാൽ പുനഃപരീക്ഷയ്ക്കുള്ള സാധ്യത കുറവാണ്.
വിദ്യാഭ്യാസവകുപ്പിന്റെ ചോദ്യത്തോട് ഏറ്റവും കൂടുതൽ സമാനതകളുള്ള ചോദ്യം തയ്യാറാക്കുന്ന ചാനലിനാണ് കൂടുതൽ വ്യൂസ് ലഭിക്കുന്നത്. അധ്യാപകർ തന്നെ ഈ യൂ ട്യൂബ് ചാനലുകൾ കാണാൻ വിദ്യാർഥികൾക്ക് നിർദ്ദേശം നൽകിയതായും വിവരമുണ്ട്. സബ്സ്രിക്പ്ഷൻ കൂടുതൽ ലഭിക്കാൻ വലിയ കിടമത്സരമാണ് നടക്കുന്നത്. ചോദ്യപേപ്പർ തയ്യാറാക്കിയ അധ്യാപകരും പ്രഡിക്ഷൻ എന്ന രീതിയിൽ ചോദ്യം പുറത്തുവിട്ട യൂട്യൂബ് ചാനലുകളും സംശയ നിഴലിലാണ്. അതേ സമയം വാർഷിക പരീക്ഷയ്ക്കുള്ള ചോദ്യങ്ങൾ തയ്യാറാക്കുന്നതിൽ ഗൗരവമില്ലായ്മ വിദ്യാഭ്യാസവകുപ്പ് അന്വേഷിക്കുന്നുണ്ട്.
Be the first to comment