ബാള്‍ട്ടിമോര്‍ പാലം അപകടം; കപ്പലിലുണ്ടായിരുന്ന ഇന്ത്യക്കാര്‍ക്കെതിരെ വംശീയ അധിക്ഷേപം

ന്യൂയോർക്ക്: അമേരിക്കയിലെ ബാള്‍ട്ടിമോര്‍ പാലം കപ്പലിടിച്ച് തകര്‍ന്നതിനു പിന്നാലെ കപ്പലിലുണ്ടായിരുന്ന ഇന്ത്യക്കാര്‍ക്കെതിരെ വംശീയ അധിക്ഷേപം. അപകടത്തിന് തൊട്ടുമുന്‍പുള്ള കപ്പലിനുള്ളിലെ ദൃശ്യം എന്ന പേരിലാണ് ഗ്രാഫിക് കാര്‍ട്ടൂണ്‍ വീഡിയോ പങ്കുവെക്കപ്പെട്ടത്. ഇന്ത്യക്കാരെ ലക്ഷ്യമിട്ടുള്ള ഈ നീക്കം പ്രതിഷേധാര്‍ഹമാണെന്ന് ചിലര്‍ പ്രതികരിച്ചു. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫോക്സ്ഫോഡ് കോമിക്സാണ് കാർട്ടൂൺ തയാറാക്കിയത്. നീളമുള്ള ലങ്കോട്ടി മാത്രം ധരിച്ച് അർധനഗ്നരായി നിലവിളിച്ച് നിൽക്കുന്ന രീതിയിലാണ് ഇന്ത്യക്കാരെ കാർട്ടൂണിൽ ചിത്രീകരിച്ചിരിക്കുന്നത്. കൂടാതെ പരസ്പരം പഴിച്ചുകൊണ്ട് അസഭ്യവർഷം നടത്തുന്ന ഓഡിയോയും ചേർത്തിട്ടുണ്ട്. ഇന്ത്യക്കാരെ അപമാനിക്കുന്നതിന് പുറമെ കപ്പലിലെ ജീവനക്കാര്‍ക്കെതിരെ തെറ്റിദ്ധാരണ പരത്തുന്നതാണ് കാ‍ർട്ടൂണുകളെന്നും ആക്ഷേപമുണ്ട്.

ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് ബാൾട്ടിമോറിലെ സീഗർട്ട് മറൈൻ ടെർമിനലിൽനിന്ന് കപ്പൽ പുറപ്പെട്ടത്. ഏകദേശം ഒന്നരയോടെ ഫ്രാൻസിസ് സ്കോട്ട് കീ പാലത്തിന്റെ തൂണിലേക്ക് കപ്പൽ ഇടിച്ചു കയറുകയായിരുന്നു. പറ്റാപ്സ്‌കോ നദിക്കു മുകളില്‍ രണ്ടരക്കിലോമീറ്റര്‍ നീളമുള്ള നാലുവരി പാലമാണ് തകര്‍ന്ന് വീണത്. ഇടിയുടെ ആഘാതത്തിൽ പാലം പൂർണമായും തകർന്ന് നദിയിലേക്കു വീണു. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

 

Be the first to comment

Leave a Reply

Your email address will not be published.


*