കോട്ടയം: ലോകത്തിലെ ഏറ്റവും വലിയ റഫെറൽ നെറ്റ്വർക്കിംഗ് ഓർഗനൈസേഷൻ ആയ ബി എൻ ഐ യുടെ കോട്ടയം പത്തനംതിട്ട യൂണിറ്റുകൾ നടത്തുന്ന അക്ഷര നഗരിയിലെ ആദ്യത്തെ ഏറ്റവും വലിയ ബിസിനസ് എക്സ്പോ റേഡിയൻസ് 2024 മെയ് 3,4 തീയതികളിൽ കോട്ടയം വിൻഡ്സർ കാസിൽ കൺവെൻഷൻ സെന്ററിൽ നടക്കും. കോട്ടയം ജില്ലാ കളക്ടർ വി വിഘ്നശ്വരി ഐഎഎസ് മെയ് 3 വെള്ളി രാവിലെ 10 മണിക്ക് ചടങ്ങിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കും. ഉദ്ഘാടന കർമ്മത്തിന് ശേഷം എക്സ്പോ പൊതുജനങ്ങൾക്കായി തുറന്നു നൽകും.
നാച്വറൽസ് ഫൗണ്ടർ സി കെ കുമാരവേൽ,സിന്തറ്റി മാനേജിങ് ഡയറക്ടർ അജു ജേക്കബ്, ഫ്രഷ് ടു ഹോം സിഇഒ മാത്യു ജോസഫ്, ജാക്ഫ്രൂട്ട് 365 ഫൗണ്ടർ ജെയിംസ് ജോസഫ്, ഏഷ്യാനെറ്റ് ന്യൂസ് അസിസ്റ്റന്റ് എക്സി. എഡിറ്റർ പി ജി സുരേഷ് കുമാർ,സെയിന്റ് ഗിറ്റ്സ് കോളേജ് ചെയർമാൻ പുന്നൂസ് ജോർജ് എന്നീ പ്രമുഖ വ്യക്തിത്വങ്ങളുടെ മുഖ്യ പ്രഭാഷണമാണ് എക്സ്പോയുടെ ഹൈലൈറ്റ്.
സംരംഭകരും പ്രഗത്ഭരായ വ്യവസായികളും ഒന്നിക്കുന്ന കോട്ടയത്തെ ഏറ്റവും വലിയ ബിസിനസ് എക്സ്പോയായ റേഡിയൻസിൽ പൊതു ജനങ്ങൾക്കും പുത്തൻ സംരംഭകർക്കും വഴികാട്ടിയാകാനും കൃത്യമായ മാർഗ്ഗനിർദേശങ്ങൾ നൽകാനുമായി ഇന്ത്യൻ വ്യാവസായിക മേഖലകളിൽ വിജയത്തിൻ്റെ വെന്നിക്കൊടി പാറിച്ച വ്യക്തിത്വങ്ങളാണ് എത്തുന്നത്. മെയ് 3,4 തീയതികളിൽ നടക്കുന്ന ദ്വിദിന പരിപാടിയിൽ വ്യവസായ വിദഗ്ധർക്കൊപ്പം അതത് മേഖലകളിലെ ഏറ്റവും പുതിയ ട്രെൻഡുകളെയും സാങ്കേതികവിദ്യകളെയും കുറിച്ചറിയാനും, സംവദിക്കാനുമുള്ള അപൂർവ്വ അവസരമാണ് പൊതു ജനങ്ങൾക്ക് ലഭിക്കുന്നത്.
ഫുഡ്, ഓട്ടോമോട്ടീവ് സ്റ്റാളുകളോടൊപ്പം നൂതന സാങ്കേതിക വിദ്യകൾ പരിചയപെടുത്തുന്ന വൈവിധ്യമാർന്ന 50-ലധികം സ്റ്റാളുകളും എക്സ്പോയിലുണ്ട്. കൂടാതെ ചർച്ചകളും, സെമിനാറുകളും, മുഖാമുഖ പരിപാടികളും ഉൾപ്പെടെയുള്ള വിജ്ഞാനപ്രദമായ സെഷനുകളോടൊപ്പം വിനോദത്തിനായി ലൈവ് ഡിജെ, മ്യൂസിക് ബാൻഡ്, ബി എൻ ഐ അംഗങ്ങളുടെ വിവിധ കലാ പരിപാടികൾ ഫാഷൻ ഷോ, കോമഡി സ്കിറ്റുകൾ തുടങ്ങി കാണികൾക്ക് ഒരു സമ്പൂർണ്ണ ദൃശ്യ വിരുന്നാണ് റേഡിയൻസ് 2024 ഒരുക്കുന്നത്.
Be the first to comment