പന്തീരാങ്കാവ് കേസില്‍ രാഹുലും ഭാര്യയും നേരിട്ട് ഹാജരാകണം : ഹൈക്കോടതി

കൊച്ചി : പന്തീരാങ്കാവ് ഗാര്‍ഹികപീഡന കേസിലെ ഒന്നാംപ്രതി രാഹുല്‍ പി ഗോപാലും പരാതിക്കാരിയായ യുവതിയും ഓഗസ്റ്റ് 14ന് നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി. അതുവരെ അറസ്റ്റ് അടക്കമുള്ള നടപടികള്‍ പാടില്ലെന്നും ജസ്റ്റിസ് എ ബദറുദീന്‍ നിര്‍ദേശിച്ചു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുവതിയുടെ ഭര്‍ത്താവായ രാഹുലും കുടുംബാംഗങ്ങളും നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ഗാര്‍ഹികപീഡന പരാതിയില്‍ പന്തീരാങ്കാവ് പോലീസ് വധശ്രമത്തിന് കേസെടുത്ത് അന്വേഷണം തുടരുകയാണ്.

എറണാകുളം വടക്കേക്കര സ്വദേശിയാണ് യുവതി. വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുശേഷം വീട്ടുകാര്‍ പന്തീരാങ്കാവിലെ ഭര്‍തൃവീട്ടില്‍ മകളെ കാണാനെത്തിയപ്പോള്‍ മര്‍ദനമേറ്റ് അവശനിലയില്‍ കാണുകയാരുന്നു. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി. ഇതോടെ രാഹുല്‍ ഒളിവില്‍ പോയി. രാഹുല്‍ മര്‍ദിച്ചെന്ന് യുവതി പോലീസില്‍ മൊഴിയും നല്‍കി. ആഴ്ചകള്‍ക്ക് ശേഷം രാഹുല്‍ മര്‍ദിച്ചിട്ടില്ലെന്നും സമ്മര്‍ദം മൂലം പറഞ്ഞതാണെന്നും യുവതി സാമൂഹികമാധ്യമങ്ങളിലൂടെ പറയുകയായിരുന്നു.

തുടര്‍ന്ന് യുവതിയെ കാണാനാലില്ലെന്ന് പിതാവും പരാതി നല്‍കി. കുടുംബപ്രശ്‌നം പറഞ്ഞു പരിഹരിച്ചെന്നും കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് രാഹുല്‍ കോടതിയില്‍ ഹര്‍ജി നല്‍കി. ഭര്‍ത്താവിനെതിരെ പരാതിയില്ലെന്ന് യുവതി സത്യവാങ്മൂലവും നല്‍കി. എന്നാല്‍, യുവതി മൊഴി മാറ്റിയത് ഭീഷണിയെ തുടര്‍ന്നാകാമെന്നും ഒരുമിച്ച് താമസിച്ചാല്‍ വീണ്ടും രാഹുല്‍ ഉപദ്രവിക്കാന്‍ സാധ്യതയുണ്ടെന്നും കോഴിക്കോട് അസിസ്റ്റന്റ് കമീഷണര്‍ കോടതിയെ ധരിപ്പിച്ചിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*