കോഴിക്കോട്: നവവധുവിനെ ക്രൂരമായി മർദിച്ച കേസിൽ ഒളിവിൽ പോയ കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയായ ഭർത്താവ് രാഹുൽ പി ജർമ്മനിയിലെന്ന് സ്ഥിരീകരിച്ച് പോലീസ്. പ്രതിക്കെതിരായി പൊലീസ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചു. എയർപോർട്ടുകളിലും ജോലി ചെയ്യുന്ന സ്ഥാപനത്തിലും നോട്ടീസ് നൽകിയിട്ടുണ്ട്. നേരത്തെ പ്രതി വിദേശത്തേക്ക് മുങ്ങിയെന്ന സംശയം അന്വേഷണ സംഘം പ്രകടിപ്പിച്ചിരുന്നു. സിംഗപ്പൂരിലേക്കാണ് പ്രതി കടന്നതെന്ന അഭ്യൂഹങ്ങളും നേരത്തെ ഉണ്ടായിരുന്നു. ഇന്നലെ രാഹുൽ റിപ്പോർട്ടറിനോട് താൻ വിദേശത്താണെന്നും എന്നാൽ രാജ്യം ഏതെന്ന് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും പ്രതികരിച്ചിരുന്നു.
ബെംഗളൂരുവിൽനിന്ന് സിംഗപ്പൂർ വഴിയാണ് പ്രതി ജർമനിയിലേക്ക് കടന്നത് എന്നാണ് വിവരം. ജർമനിയിൽ എയ്റോനോട്ടിക്കൽ എൻജിനീയറായാണ് രാഹുൽ ജോലിചെയ്തിരുന്നത്. അന്താരാഷ്ട്ര എയർപോർട്ടുകളിലും ജോലി ചെയ്യുന്ന സ്ഥാപനത്തിലും നോട്ടീസ് കൈമാറിയതായി അന്വേഷണ സംഘം അറിയിച്ചു. ജർമനിയിൽ നിന്ന് രാഹുൽ ഫോൺ വഴി ബന്ധുക്കളെ ബന്ധപ്പെട്ടതായും റിപ്പോർട്ടുണ്ട്. നേരത്തെ രാഹുലിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിരുന്നു.
അതെ സമയം രാഹുലിനെ എത്രയും പെട്ടെന്ന് ജർമ്മനിയിൽ നിന്ന് നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യണമെന്ന് പെൺകുട്ടിയുടെ സഹോദരൻ പ്രതികരിച്ചു. നാട്ടിലെത്തിക്കാൻ ഇൻ്റർപോളിൻ്റെ സഹായം തേടണമെന്നും രാഹുലിൻ്റെ അമ്മയും സഹോദരിയും ഒളിവിൽ പോയിട്ടുണ്ടെന്നും അവരെയും കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും സഹോദരൻ പറഞ്ഞു. വിഷയത്തിൽ ഫറോക്ക് എസ്പിക്ക് പരാതി നൽകുമെന്നും കൂട്ടിചേർത്തു.
മേയ് 12നാണ് പെൺകുട്ടിയും ബന്ധുക്കളും പന്തീരാങ്കാവ് സ്റ്റേഷനിലെത്തി രാഹുലിനെതിരെ പരാതി നൽകിയത്. മർദിക്കുകയും മൊബൈൽ ഫോണിന്റെ കേബിൾ കഴുത്തിൽ ചുറ്റി കൊല്ലാൻ ശ്രമിക്കുകയും ചെയ്തെന്ന പറവൂർ സ്വദേശിയായ യുവതിയുടെ പരാതിയിലാണ് ഭർത്താവ് രാഹുലിനെതിരെ പോലീസ് കേസെടുത്തത്. ഗുരുതരമായി പരിക്കേറ്റിട്ടും ആദ്യഘട്ടത്തിൽ കേസെടുത്തില്ലെന്ന ആരോപണത്തിൽ പന്തീരാങ്കാവ് സ്റ്റേഷൻ ഹൗസ് ഓഫിസർ എ എസ് സരിനെ സസ്പെൻഡ് ചെയ്തിരുന്നു. ഫറോക്ക് അസി കമീഷണർ സജു കെ അബ്രഹാമിന്റെ നേതൃത്വത്തിലുള്ള പുതിയ അന്വേഷണ സംഘമാണ് ഇപ്പോൾ കേസ് അന്വേഷിക്കുന്നത്.
Be the first to comment