‘കോടീശ്വരന്മാരായ കൂട്ടുകാര്‍ക്ക് ബിജെപി നല്‍കിയതിനേക്കാള്‍ പണം സ്‌ത്രീകള്‍ക്കും കര്‍ഷകര്‍ക്കും ഇന്ത്യ സഖ്യം നല്‍കും’: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ബിജെപി തങ്ങളുടെ കോടീശ്വരരായ സുഹൃത്തുക്കള്‍ക്ക് നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ പണം ഇന്ത്യ മുന്നണി രാജ്യത്തെ സ്‌ത്രീകള്‍ക്കും കര്‍ഷകര്‍ക്കും ദരിദ്രര്‍ക്കും യുവാക്കള്‍ക്കും നല്‍കുമെന്ന് രാഹുല്‍ ഗാന്ധി. ജാര്‍ഖണ്ഡിലെ സര്‍ക്കാര്‍ സംസ്ഥാനത്തെ വനിതകള്‍ക്ക് നല്‍കുന്ന ഓണറേറിയം വര്‍ധിപ്പിക്കാൻ തീരുമാനിച്ചതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഒന്നാംഘട്ട വോട്ടെടുപ്പിനായി ജാര്‍ഖണ്ഡിലെ വോട്ടര്‍മാര്‍ നാളെ പോളിങ് ബൂത്തിലേക്ക് പോകാനിരിക്കവെയാണ് ഭരണകൂടത്തിന്‍റെ നിര്‍ണായക നീക്കം.

‘മാ സമ്മാൻ യോജനയുടെ നാലാം ഗഡു ജാര്‍ഖണ്ഡിലെ അമ്മമാരുടെയും സഹോദരിമാരുടെയും അക്കൗണ്ടിലേക്ക് എത്തി. ഈ പദ്ധതി വനിതകളെ സ്വന്തം നിലയില്‍ ജീവിക്കാനും പോരാടാനും സഹായിക്കുന്നു. അതുകൊണ്ട് തന്നെയാണ് പദ്ധതി തുക ഇനിയും വര്‍ധിപ്പിക്കാൻ തീരുമാനിച്ചത്.

അടുത്ത മാസം മുതല്‍ ഓണറേറിയം തുകയായി 2500 രൂപ വീതം ജാർഖണ്ഡിലെ സ്ത്രീകൾക്ക് ലഭിക്കും. മുന്‍പും പറഞ്ഞിട്ടുള്ള ഒരു കാര്യം ഞാൻ വീണ്ടും ആവര്‍ത്തിക്കുകയാണ്. സ്ത്രീകൾ, യുവാക്കൾ, കർഷകർ, ദരിദ്രർ എന്നിവർക്ക് അവരുടെ ആവശ്യങ്ങൾ നിറവേറ്റാന്‍ ബിജെപി അവരുടെ കോടീശ്വരൻ സുഹൃത്തുക്കൾക്ക് നൽകിയതിനേക്കാൾ കൂടുതൽ പണമായിരിക്കും ഇന്ത്യ സഖ്യം നല്‍കുക’- രാഹുല്‍ ഗാന്ധി പറഞ്ഞു.

81 അംഗ ജാര്‍ഖണ്ഡ് നിയമസഭയിലേക്കുള്ള ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നാളെയാണ് നടക്കുന്നത്. നവംബര്‍ 20നാണ് രണ്ടാം ഘട്ട വോട്ടെടുപ്പ്. സംസ്ഥാനത്ത് ഭരണം നിലനിര്‍ത്താനാണ് കോൺഗ്രസ്-ജാർഖണ്ഡ് മുക്തി മോർച്ച സഖ്യത്തിന്‍റെ ശ്രമം. ഭരണ സഖ്യത്തെ താഴെയിറക്കാനാണ് ബിജെപി നേതൃത്വം നല്‍കുന്ന എൻഡിഎ ശ്രമിക്കുന്നത്. നവംബര്‍ 23നാണ് സംസ്ഥാനത്ത് ഫലപ്രഖ്യാപനം.

 

Be the first to comment

Leave a Reply

Your email address will not be published.


*