ന്യൂഡൽഹി: അപകീർത്തി കേസിലെ സൂറത്ത് ചീഫ് മജിസ്ട്രേട്ട് കോടതിയുടെ ശിക്ഷാവിധിക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സൂറത്ത് സെഷൻസ് കോടതിയിൽ അപ്പീൽ നൽകി. ശിക്ഷയും കുറ്റവും മരവിപ്പിക്കാൻ അപേക്ഷകളും സമർപ്പിച്ചു. സൂറത്ത് സെഷൻസ് കോടതി രാഹുലിന്റെ ജാമ്യ കാലാവധി നീട്ടി. കേസ് ഏപ്രിൽ 13ന് പരിഗണിക്കാനായി മാറ്റി.
മജിസ്ട്രേട്ട് കോടതി രാഹുലിന് നേരത്തേ ജാമ്യം നൽകിയിരുന്നു. അപ്പീൽ നൽകാൻ 30 ദിവസത്തേക്ക് ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിച്ചാണ് ജാമ്യം അനുവദിച്ചിരുന്നത്. ഈ ജാമ്യമാണ് സെഷൻസ് കോടതി നീട്ടി നൽകിയത്. സഹോദരിയും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി, മുതിർന്ന കോൺഗ്രസ് നേതാക്കൾ എന്നിവർക്കൊപ്പം രാഹുൽ കോടതിയിൽ നേരിട്ടെത്തി. മുതിർന്ന നേതാക്കളോട് രാഹുലിനൊപ്പം പോകാൻ പാർട്ടി ആവശ്യപ്പെട്ടിരുന്നു.
Be the first to comment