രാജ്യവിരുദ്ധ പ്രസ്താവന നടത്തിയെന്ന് ആരോപണം; രാഹുല്‍ ഗാന്ധിക്കെതിരെ വീണ്ടും കേസ്

രാജ്യവിരുദ്ധ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയക്കെതിരെ വീണ്ടും കേസ്. ഒഡിഷ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഝാര്‍സുഗുഡ ജില്ലയിലെ ബിജെപി, ആര്‍എസ്എസ്, ബജ്‌റംഗ്ദള്‍ അംഗങ്ങള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രാഹുലിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് വടക്കന്‍ റേഞ്ച് ഐജിപി ഹിമാന്‍ഷു ലാല്‍ അറിയിച്ചു. ബിജെപി പ്രവര്‍ത്തകനായ രാമ ഹരി പൂജാരിയുടെ പേരിലാണ് പരാതി നല്‍കിയിരിക്കുന്നത്.

ഇന്ത്യന്‍ ഭരണകൂടത്തിനെതിരെ ഒരുമിച്ച് പോരാടാമെന്ന രാഹുലിന്റെ പ്രസ്താവന ദേശവിരുദ്ധമാണെന്നാണ് ബിജെപി പ്രവര്‍ത്തകര്‍ പരാതിയിലൂടെ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ബിഎന്‍എസ് സെക്ഷന്‍ 152 (ഇന്ത്യയുടെ പരമാധികാരത്തിനും ഐക്യത്തിനും അഖണ്ഡതയ്ക്കുമെതിരായ നീക്കം), 197(1)(d) ( രാജ്യത്തിനെതിരായ കാര്യങ്ങള്‍ പരസ്യപ്പെടുത്തല്‍) തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് എഫ്‌ഐആര്‍ തയാറാക്കിയിരിക്കുന്നത്. ഫെബ്രുവരി അഞ്ചിനാണ് കേസ് നമ്പര്‍ 31 ആയി രാഹുലിനെതിരായി കേസെടുത്തിരിക്കുന്നത്.

റോസ് അവന്യുവിലെ പുതിയ കോണ്‍ഗ്രസ് ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യുന്നതിനിടെ രാഹുല്‍ നടത്തിയ പ്രസംഗമാണ് കേസിന് ആധാരം. രാജ്യത്തിന്റെ എല്ലാ സ്ഥാപനങ്ങളും ആര്‍എസ്എസും ബിജെപിയും കൈയടക്കിയ പശ്ചാത്തലത്തില്‍ കേവലം ബിജെപിയെ മാത്രമല്ല കോണ്‍ഗ്രസ് എതിരിടുന്നതെന്നും ഇന്ത്യന്‍ ഭരണകൂടത്തിനെതിരെ ഒറ്റക്കെട്ടായി പോരാടാമെന്നുമാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. മനപൂര്‍വം രാഹുല്‍ ഇത്തരം ദേശവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്നത് പതിവാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*