‘ഇത് ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടം’; സ്‌നേഹത്തിന്‍റെ രാഷ്‌ട്രീയത്തിന് ആഹ്വാനം ചെയ്‌ത് രാഹുല്‍ ഗാന്ധി

കല്‍പ്പറ്റ: രാജ്യത്ത് ഇന്ന് നടക്കുന്ന പ്രധാന പോരാട്ടം ഭരണഘടന സംരക്ഷിക്കുന്നതിനാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തിന്‍റെ ഭരണഘടന എഴുതിയത് വെറുപ്പോടെയല്ലെന്നും, വിനയത്തോടെയും സ്നേഹത്തോടെയും ആണെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിലെ മാനന്തവാടിയില്‍ തന്‍റെ സഹോദരി പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

‘ഇന്ന് രാജ്യത്ത് നടക്കുന്ന പ്രധാന പോരാട്ടം നമ്മുടെ രാജ്യത്തിന്‍റെ ഭരണഘടനയ്ക്കുവേണ്ടിയുള്ള പോരാട്ടമാണ്. നമുക്ക് ലഭിക്കുന്ന സംരക്ഷണം, നമ്മുടെ രാജ്യത്തിന്‍റെ മഹത്വം, എല്ലാം ഭരണഘടനയിൽ നിന്നും ഉരുത്തിരിഞ്ഞു ഉണ്ടായതാണ്’ എന്ന് കോർണർ മീറ്റിങ്ങിൽ സംസാരിക്കവെ ലോക്‌സഭാ എംപി പറഞ്ഞു.

ഭരണഘടന ആരും കോപത്തോടെയോ വിദ്വേഷത്തോടെയോ എഴുതിയതല്ല. ബ്രിട്ടീഷുകാരോട് യുദ്ധം ചെയ്‌തവര്‍, കഷ്‌ടപ്പാടുകൾ അനുഭവിച്ചവർ, വര്‍ഷങ്ങളോളം ജയിലിൽ കിടന്ന് പോരാടിയവര്‍, എന്നിവരാണ് ഭരണഘടന എഴുതിയത്. അവർ വിനയത്തോടെയും സ്നേഹത്തോടെയും വാത്സല്യത്തോടെയുമാണ് ഭരണഘടന എഴുതിയതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

സ്‌നേഹവും വെറുപ്പും തമ്മിലുള്ള പോരാട്ടമാണ് ഇപ്പോള്‍ രാജ്യത്ത് നടക്കുന്നത്. നിങ്ങൾക്ക് ഈ പോരാട്ടത്തിൽ വിജയിക്കണമെങ്കിൽ നിങ്ങളുടെ ഹൃദയത്തിൽ നിന്ന് കോപവും വിദ്വേഷവും നീക്കി സ്നേഹം, വിനയം, അനുകമ്പയും പ്രകടമാക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രസംഗത്തിലുടനീളം തന്‍റെ സഹോദരി പ്രിയങ്ക ഗാന്ധിയെ രാഹുല്‍ ഗാന്ധി പുകഴ്‌ത്തി. സ്‌നേഹത്തിന്‍റെയും അനുകമ്പയുടെയും രാഷ്‌ട്രീയമാണ് തന്‍റെ സഹോദരി മുന്നോട്ട് വയ്‌ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘എന്‍റെ പിതാവിന്‍റെ (രാജീവ് ഗാന്ധി) കൊലപാതകത്തിൽ ഉൾപ്പെട്ട സ്‌ത്രീയ പോയി കെട്ടിപ്പിടിച്ച വ്യക്തിയാണ് അവൾ. നളിനിയെ കണ്ടതിന് ശേഷം തിരികെ വന്ന് വികാരാധീനയായി ആണ് അവൾ എന്നോട് സംസാരിച്ചത്, ‘ എന്ന് രാഹുൽ ഗാന്ധി ഓര്‍ത്തെടുത്തു പറഞ്ഞു. അതാണ് അവൾക്ക് ലഭിച്ച സ്‌നേഹത്തിന്‍റെ രാഷ്‌ട്രീയം. തന്നെ സംബന്ധിച്ചിടത്തോളം ഇന്ത്യയിൽ വേണ്ടത് ഇത്തരത്തിലുള്ള രാഷ്ട്രീയമാണ്. വെറുപ്പിന്‍റ രാഷ്ട്രീയമല്ലെന്നും സ്നേഹത്തിന്‍റെയും അനുകമ്പയുടെയും രാഷ്‌ട്രീയമാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്കാ ഗാന്ധിയുടെ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ഇന്ന് വയനാട്ടില്‍ തുടക്കമായി. വായനാട്ടുകാരുടെ ജീവിതപ്രശ്‌നങ്ങളായ മെഡിക്കൽ കോളജ്, വന്യജീവി ആക്രമണം, ആദിവാസി ഭവനനിർമാണ പദ്ധതി ഉൾപ്പെടെയുള്ളവ ചർച്ചാ വിഷയമാക്കി മാനന്തവാടിയിൽ പ്രിയങ്കയുടെ പൊതുയോഗം ചേര്‍ന്നു. വയനാടിന് മെഡിക്കൽ കോളജ് കൊണ്ടുവരുന്നതിനു വേണ്ടി രാഹുൽ ഗാന്ധി ശ്രമിച്ചിരുന്നുവെന്ന് പ്രിയങ്ക പറഞ്ഞു.

 

Be the first to comment

Leave a Reply

Your email address will not be published.


*