മണിപ്പൂര്‍ ഇപ്പോഴും പുകയുകയാണ്, നിരപരാധികളുടെ ജീവന്‍ അപകടത്തില്‍’: പ്രധാനമന്ത്രി നേരിട്ടെത്തണമെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡൽഹി : മണിപ്പൂരിലെ ജനങ്ങളുടെ പ്രശ്‌നങ്ങൾ മനസിലാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനം സന്ദർശിക്കണമെന്ന് നിർദേശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മണിപ്പൂരിലെ സമാധാനത്തിന്‍റെ ആവശ്യകത പാർലമെന്‍റിൽ പൂർണ ശക്തിയോടെ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂരിനെ രണ്ട് ഭാഗങ്ങളായി വിഭജിച്ചിരിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് എക്‌സിൽ പങ്കിട്ട ഒരു വീഡിയോയിൽ സൂചിപ്പിച്ചു.

‘മണിപ്പൂരിൽ അക്രമം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഇത് മൂന്നാം തവണയാണ് ഞാൻ ഇവിടെ വരുന്നത്, പക്ഷേ നിർഭാഗ്യവശാൽ ഇവിടുത്തെ സ്ഥിതിയിൽ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. ഇന്നും സംസ്ഥാനം രണ്ട് ഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു,’ – രാഹുൽ ഗാന്ധി എക്‌സിൽ പോസ്‌റ്റ് ചെയ്‌തു. മാത്രമല്ല നിരവധി കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയാൻ നിർബന്ധിതരാകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘മണിപ്പൂരിൽ വീടുകൾ കത്തുകയാണ്, നിരപരാധികളുടെ ജീവൻ ഇവിടെ അപകടത്തിലാണ്, ആയിരക്കണക്കിന് കുടുംബങ്ങളാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയാൻ നിർബന്ധിതരാകുന്നത്. പ്രധാനമന്ത്രി നേരിട്ട് മണിപ്പൂർ സന്ദർശിക്കുകയും സംസ്ഥാനത്തെ ജനങ്ങളുടെ പ്രശ്‌നങ്ങൾ കേൾക്കുകയും സമാധാനത്തിനായി അഭ്യർഥിക്കുകയും വേണം,’ -എന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി.

ജൂലൈ 8 ന് മണിപ്പൂരിലെ ദുരിതാശ്വാസ ക്യാമ്പിൽ അക്രമത്തിനിരയായവരെ കോൺഗ്രസ് എംപി കണ്ടിരുന്നു. മാത്രമല്ല അവരുടെ പ്രശ്‌നങ്ങളെ കുറിച്ച് സംസ്ഥാന ഗവർണർ അനസൂയ ഉയ്കെ അറിയിച്ചുവെന്ന് ഇംഫാലിൽ നടന്ന വാർത്ത സമ്മേളനത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു.

‘പ്രശ്‌നം ആരംഭിച്ചതിന് ശേഷം ഇത് മൂന്നാം തവണയാണ് ഞാൻ ഇവിടെ വരുന്നത്, ഇത് ഒരു വലിയ ദുരന്തമാണ്. സ്ഥിതിയിൽ എന്തെങ്കിലും പുരോഗതി ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു, പക്ഷേ സാഹചര്യം ഇപ്പോഴും പഴയതു പോലെ തന്നെയാണെന്ന് കണ്ട് ഞാൻ നിരാശനായി. ഞാൻ ക്യാമ്പുകൾ സന്ദർശിച്ചു, അവരുടെ വേദനകൾ കേട്ട്, അവരിൽ ആത്മവിശ്വാസം വളർത്തിയെടുക്കാനും, പ്രതിപക്ഷത്തിരിക്കുന്ന ഒരാളെന്ന നിലയിൽ സർക്കാർ ഇവിടെ പ്രവർത്തിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് അവരെ അറിയിക്കുകയും ചെയ്‌തു. മണിപ്പൂർ ഗവർണർ അനസൂയ ഉയ്‌കെയെ കണ്ട് സംസ്ഥാനത്തെ പുരോഗതിയിൽ അതൃപ്‌തി പ്രകടിപ്പിച്ചിട്ടുണ്ട്’ – രാഹുൽ ഗാന്ധി പറഞ്ഞു.

തങ്ങൾ ഗവർണറുമായി ചർച്ച നടത്തി, ഏത് വിധത്തിലും സഹായിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്ന് ഗവർണറോട് പറഞ്ഞുവെന്നും രാഹുൽ ഗാന്ധി അറിയിച്ചു. മണിപ്പൂർ മുഴുവനും വേദനയിലാണെന്നും കഷ്‌ടപ്പാടിലാണെന്നും എത്രയും വേഗം ഈ ദുരിതത്തിൽ നിന്ന് കരകയറേണ്ടതുണ്ടെന്ന് താൻ മനസിലാക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമാധാനത്തെയും സാഹോദര്യത്തെയും കുറിച്ച് എല്ലാവരും ചിന്തിക്കണമെന്നും കോൺഗ്രസ് നേതാവ് അഭ്യർഥിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*