കേരള ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് തൃശൂര്‍ സ്വദേശിയായ യുവതാരം രാഹുല്‍ കെ പി പടിയിറങ്ങി

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് തൃശൂര്‍ സ്വദേശിയായ യുവതാരം രാഹുല്‍ കെ പി പടിയിറങ്ങി. ക്ലബ്ബ് തന്നെയാണ് സമൂഹമാധ്യമത്തിലൂടെ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 24 കാരനായ താരം ഒഡീഷ എഫ്‌സിയിലേയ്ക്ക് ചേക്കേറിയെന്നും ക്ലബ്ബ് അറിയിച്ചു.

രാഹുലിന്‍റെ സംഭാവനകള്‍ക്കും ഓര്‍മകള്‍ക്കും കേരള ബ്ലാസ്റ്റേഴ്‌സ് നന്ദിയറിയിച്ചു. പെര്‍മെനന്‍റ് ട്രാന്‍സ്ഫറിലൂടെയാണ് താരം ഒഡിഷ എഫ്.സിയിലേക്ക് ചേക്കേറിയത്. താരം ഒഡീഷ എഫ്‌സിയിലേയ്ക്ക് പോകുമെന്ന് നേരത്തെ തന്നെ വാര്‍ത്തകളുണ്ടായിരുന്നു. ഇന്നലെയാണ് ബ്ലാസ്റ്റേഴ്‌സ് ഇക്കാര്യത്തില്‍ വ്യക്തത നല്‍കിയത്.

കഴിഞ്ഞ അഞ്ച് സീസണുകളില്‍ ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന താരമായിരുന്നു രാഹുല്‍. എട്ട് ഗോളുകള്‍ നേടിയ താരം 81 തവണ ക്ലബ്ബിനുവേണ്ടി കളിച്ചു. മുന്‍ എഐഎഫ്എഫ് എലൈറ്റ് അക്കാദമി താരമായ രാഹുല്‍ 2019ലാണ് ബ്ലാസ്റ്റേഴ്‌സിനൊപ്പം ചേരുന്നത്. നിലവിലെ സീസണില്‍ 11 തവണ രാഹുല്‍ ടീമിന് ബൂട്ടുക്കെട്ടി. ചെന്നൈയിനെതിരായ മത്സരത്തില്‍ താരം ഒരുഗോള്‍ നേടിയിരുന്നു.ജംഷദ്പുരിനെതിരായ എവേ മത്സരത്തിലും താരം ബ്ലാസ്റ്റേഴ്‌സിനുവേണ്ടി ഇറങ്ങിയിരുന്നു.

ജനുവരി 13-ന് കൊച്ചിയില്‍ ഒഡിഷയ്‌ക്കെതിരെയാണ് മഞ്ഞപ്പടയുടെ അടുത്ത മത്സരം. ഇന്നലെ നടന്ന മത്സരത്തില്‍ പഞ്ചാബ് എഫ്‌സിയെ ബ്ലാസ്റ്റേഴ്‌സ് തോല്‍പ്പിച്ചിരുന്നു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ജയം. 44-ാം മിനിറ്റില്‍ നോഹ് സദൗയി പെനാല്‍റ്റിയിലൂടെയാണ് വിജയഗോള്‍ പിറന്നത്.

പട്ടികയില്‍ 17 പോയിന്‍റുമായി ഒമ്പതാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. 15 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ടീം അഞ്ച് മത്സരങ്ങള്‍ ജയിച്ചപ്പോള്‍ എട്ടെണ്ണത്തില്‍ തോറ്റു.

Be the first to comment

Leave a Reply

Your email address will not be published.


*