ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ മുന്നേറ്റം. ലീഡ് പതിനായിരം കടന്നു. എട്ട് റൗണ്ടുകൾ എണ്ണി തീരുമ്പോഴാണ് ലീഡ് പതിനായിരം കടന്നിരിക്കുന്നത്. ഒമ്പതാം റൗണ്ട് എണ്ണി തുടങ്ങുമ്പോൾ 11,201 വോട്ടിലേക്ക് രാഹുലിന്റെ ലീഡ് ഉയർന്നു. പാലക്കാട് യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ മധുര വിതരണം ആരംഭിച്ചു.
മുൻസിപാലിറ്റി വോട്ടുകൾ എണ്ണി കഴിഞ്ഞ് പഞ്ചായത്തുകളിലെ വോട്ടുകളാണ് എണ്ണുന്നത്. 2021ലെ തിരഞ്ഞെടുപ്പ് വച്ച് നോക്കുമ്പോൾ നഗരസഭയിൽ മാത്രം 7066 വോട്ടുകളാണ് ബിജെപിക്ക് കുറഞ്ഞത്. രാഹുൽ മങ്കുട്ടത്തിലിന്റെ അടൂർ മുണ്ടപ്പള്ളിയിലെ വീട്ടിൽ ആഘോഷം ആരംഭിച്ചു. അടുത്ത ബന്ധുക്കളും പാർട്ടി പ്രവർത്തകരും ആണ് ഇവിടെയുള്ളത്. തുടക്കത്തിൽ ബിജെപി മുന്നിലെത്തിയിരുന്നെങ്കിലും പിന്നീട് ലീഡ് നില മാറിമറിയുകയായിരുന്നു.
അതേസമയം ചേലക്കരയിൽ എൽഡിഎഫ് വിജയം ഉറപ്പിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥി യുആർ പ്രദീപിന്റെ ലീഡ് പതിനായിരം കടന്ന് മുന്നേറുകയാണ്. ചേലക്കരയിൽ വിജയം ഉറപ്പിച്ച് എൽഡിഎഫ് ആഘോഷം ആരംഭിച്ചു. എൽഡിഎഫ് തങ്ങളുടെ ഉരുക്കുകോട്ടയായി നിലനിർത്തിയ മണ്ഡലത്തിൽ അട്ടിമറി പ്രതീക്ഷ നിലനിർത്തിയാണ് യുഡിഎഫ് രമ്യ ഹരിദാസിനെ ഇറക്കിയത്. എന്നാൽ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാൻ രമ്യ ഹരിദാസിന് സാധിച്ചില്ല.
Be the first to comment