പാലക്കാടൻ കോട്ട കാത്ത് രാഹുൽ മാങ്കൂട്ടത്തിൽ, റെക്കോർഡ് ഭൂരിപക്ഷത്തിൽ മിന്നും ജയം

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് മിന്നും വിജയം. 18669 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചത്. 2016ൽ ഷാഫിയുടെ ഭൂരിപക്ഷം 17483 ആയിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ ‍ ഇത് മറികടന്നു. പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ മുതൽ ബിജെപി മുന്നിലായിരുന്നു. ഒരിടക്ക് രാഹുൽ തിരിച്ചെത്തിയെങ്കിലും ബിജെപി തിരിച്ചു പിടിച്ചു. പിന്നീട് കണ്ടത് രാഹുലിന്റെ അപരാജിത കുതിപ്പാണ്. ആറാം റൗണ്ട് മുതലാണ് രാഹുൽ മാങ്കൂട്ടത്തിൽ കളം നിറഞ്ഞത്. പാലക്കാടിന്റെ ചരിത്രത്തിലെ റെക്കോർഡ് ഭൂരിപക്ഷമാണ് രാഹുൽ നേടിയത്. പത്തനംതിട്ടയിൽ നിന്ന് പാലക്കാടെത്തിയ രാഹുൽ മാങ്കൂട്ടത്തിൽ ഷാഫിയുടെ പിൻ​ഗാമിയായി.

57912 വോട്ടുകളാണ് രാഹുൽ മാങ്കൂട്ടത്തിൽ നേടിയത്. ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാറിന് 39243 വോട്ടാണ് നേടാൻ സാധിച്ചത്. പി സരിൻ 37046 വോട്ട് നേടി മൂന്നാം സ്ഥാനത്തായി. 2016ൽ ഷാഫി പറമ്പിൽ നേടിയ 17,483 ഭൂരിപക്ഷമാണ് 1957 നു ശേഷമുള്ള കോൺഗ്രസിൻ്റെ ഏറ്റവും വലിയ ഭൂരിപക്ഷം . 1980 ൽ സി എം സുന്ദരം 102 07 വോട്ടിൻ്റെ ഭൂരിപക്ഷവും 2001-ൽ കെ ശങ്കരനാരായണൻ 10805 ഭൂരിപക്ഷവും നേടി. രാഹുൽ ഷാഫിയെ മറികടന്നിരിക്കുന്നു. 1957 നു ശേഷമുള്ള റെക്കോർഡാണിത്.

പിരായിരി പഞ്ചായത്തിലെ വോട്ടർമാരാണ് രാഹുലിനെ തുണച്ചത്. ഇവിടെ വോട്ട് എണ്ണിയപ്പോൾ രാഹുലിൻറെ ലീഡ് കുത്തനെ ഉയരുകയായിരുന്നു. 6775 വോട്ട് നേടിയ രാഹുൽ ബിജെപി സ്ഥാനാർത്ഥി കൃഷ്ണകുമാറിനെക്കാൾ 4124 വോട്ടുകളുടെ മുൻതൂക്കവും പിരായിരിയിൽ നേടി. ഒൻപതാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 10291 വോട്ട് ലീഡാണ് രാഹുലിനുണ്ടായിരുന്നത്.

തുടക്കം മുതൽ അതിശക്തമായ ത്രികോണ മത്സരം എന്ന പ്രതീതിയാണ് പാലക്കാടുണ്ടായത്. രാഷ്ട്രീയ വിവാദ ചുഴികളും പാളയത്തിൽ പടയും എല്ലാമുണ്ടായിരുന്നുവെങ്കിലും ഞെട്ടിക്കുന്ന ഭൂരിപക്ഷമാണ് ഉണ്ടായത്. ഏതാണ്ട് എല്ലാ പഞ്ചായത്തുകളും ന​ഗരസഭയുമെല്ലാം രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം നിന്നു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*