യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ രാഹുൽ മാങ്കൂട്ടത്തിൽ എ ഗ്രൂപ്പ് സ്ഥാനാര്‍ത്ഥി

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പൊതു സ്ഥാനാര്‍ത്ഥിയില്ല. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസമായ ഇന്ന് എ ഗ്രൂപ്പും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. രാഹുൽ മാങ്കൂട്ടത്തിലാണ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. വി ഡി സതീശന്‍, കെ സുധാകരന്‍ പക്ഷങ്ങള്‍ക്കെതിരെ പടയൊരുക്കം തുടങ്ങിയ എ ഐ ഗ്രൂപ്പുകള്‍ക്ക് ഒന്നിച്ചുപോരാടാനുള്ള മികച്ച അവസരമാണ് യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ്. എന്നാല്‍ കൂടിക്കുഴഞ്ഞ ഗ്രൂപ്പ് സമവാക്യങ്ങളില്‍ പൊതുസമ്മതനായൊരു സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ ഗ്രൂപ്പുകള്‍ക്കായില്ല. ഷാഫി പറമ്പില്‍ മുന്നോട്ടുവച്ച രാഹുല്‍ മാങ്കൂട്ടത്തെ പിന്തുണയ്കാന്‍ എ ഗ്രൂപ്പ് നേതൃത്വം ആദ്യം തയ്യാറായിരുന്നില്ല. വിഡി സതീശനോട് അടുപ്പം പുലര്‍ത്തുന്ന യുവജന നേതാവാണ് എന്നതിലാണ് എ ഗ്രൂപ്പിന് അതൃപ്തി. പുലർച്ചെ വരെ നീണ്ട ചർച്ചക്ക് ഒടുവിലാണ് പേര് തീരുമാനിച്ചത്.

ഐ ഗ്രൂപ്പിന് ഒറ്റപ്പേരാണ് ഉള്ളത്. അബിന്‍ വര്‍ക്കി. കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍റെ കൂടി പിന്തുണ ഐ ഗ്രൂപ്പ് പ്രതീക്ഷിക്കുന്നുണ്ട്. മത്സരത്തിന് കളമൊരുങ്ങുമ്പോള്‍ മുന്നൊരുക്കങ്ങളില്‍ മുന്നില്‍ കെസി വേണുഗോപാല്‍ പക്ഷമാണ്. ബിനു ചുള്ളിയിലാണ് സ്ഥാനാര്‍ഥി. പല ജില്ലകളിലും ഗ്രൂപ്പ് യോഗങ്ങള്‍ പൂര്‍ത്തിയാക്കി. 

മത്സരം ഉറപ്പായ പശ്ചാത്തലത്തില്‍ സംസ്ഥാന കോണ്‍ഗ്രസിലെ ഗ്രൂപ്പുകളുടെ ശക്തിപ്രകടനമാവും യൂത്തുകോണ്‍ഗ്രസ് പുനസംഘടനയില്‍ തെളിഞ്ഞു കാണാനാവുക.

Be the first to comment

Leave a Reply

Your email address will not be published.


*