‘ഉത്സവ നിയന്ത്രണങ്ങള്‍ പിന്‍വലിക്കണം, ഇത് ഒരു വിഭാഗത്തെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ല’: രാഹുല്‍ മാങ്കൂട്ടത്തില്‍

പാലക്കാട്: ഉത്സവപ്പറമ്പുകളിലെ ആചാരാനുഷ്‌ഠാനങ്ങൾക്കുള്ള നിയന്ത്രണം ഏതെങ്കിലും ഒരു മതവിഭാഗത്തെ മാത്രം ബാധിക്കുന്നതല്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ശ്രമിക്കരുതെന്നും സർക്കാർ അതിന് കൂട്ടുനിൽക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഉത്സവപ്പറമ്പുകളിലെ നിയന്ത്രണങ്ങൾക്കെതിരെ കേരള ഫെസ്‌റ്റിവൽ കോ-ഓഡിനേഷൻ കമ്മിറ്റി പാലക്കാട് നടത്തിയ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉത്സവപ്പറമ്പുകളിൽ ഇത്തരം നിയന്ത്രണങ്ങൾ കൊണ്ടു വരുമ്പോൾ ആരെയാണ് അത് ബാധിക്കുക എന്ന കാര്യം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ചിന്തിക്കണം. ഏതെങ്കിലും ഒരു മത വിഭാഗത്തേയോ സമുദായത്തേയോ മാത്രമല്ല നിയന്ത്രണങ്ങൾ ബാധിക്കുന്നത്. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ ഉദ്യോഗസ്ഥർ ഉത്തരവിറക്കിയാൽ സർക്കാർ അത് തിരുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.

ആനകളുടെ എഴുന്നള്ളിപ്പിൻ്റെ കാര്യത്തിലായാലും വെടിക്കെട്ടിൻ്റെ കാര്യത്തിലായാലും അവ കുഴപ്പമില്ലാതെ നടത്താനാണ് ശ്രമിക്കേണ്ടത്. ഉത്സവങ്ങൾ നടത്തുന്ന പ്രധാന ആരാധനാലയങ്ങളിലെല്ലാം കരിമരുന്ന് സൂക്ഷിക്കുന്നതിനുള്ള സൗകര്യമുണ്ട്. ഗോഡൗണുകൾക്ക് അനുമതി നൽകാനുള്ള നടപടികളാണ് വേണ്ടത്.

ആചാരാനുഷ്‌ഠാനങ്ങൾ ഓരോ വിശ്വാസി സമൂഹത്തിനും പ്രധാനമാണ്. അവ സംരക്ഷിക്കാൻ സർക്കാർ ഇടപെടണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ഉത്സവ നിയന്ത്രണവുമായി ബന്ധപ്പെട്ട ഉത്തരവുകളിലെ തെറ്റുകൾ പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ കെ ബാബു എംഎൽഎയും ആവശ്യപ്പെട്ടു.

ഉത്തരവുകൾ ഇറക്കുന്നതിന് മുമ്പ് ഉദ്യോഗസ്ഥർ വേണ്ട വിധം ആലോചിക്കണമെന്നും ആചാരങ്ങളും അനുഷ്‌ഠാനങ്ങളും സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം വ്യക്തമാക്കി. പാറമേക്കാവ് കമ്മിറ്റി സെക്രട്ടറി രാജേഷ്, കേരള ഫെസ്‌റ്റിവൽ കോ-ഓഡിനേഷൻ കമ്മിറ്റി സംസ്ഥാന സെക്രട്ടറി വൽസൻ ചമ്പക്കര, ജില്ലാ പ്രസിഡൻ്റ് എം ശിവദാസ്, ജില്ല സെക്രട്ടറി പ്രകാശൻ പുത്തൂർ എന്നിവർ പരി പാടിയിൽ സംസാരിച്ചു. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെയായിരുന്നു പ്രതിഷേധ പ്രകടനം.

Be the first to comment

Leave a Reply

Your email address will not be published.


*