
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ സമർപ്പിച്ച ക്രിമിനൽ മാനനഷ്‌ടക്കേസിൽ വിചാരണ കോടതി നടപടികൾ സുപ്രീം കോടതി തിങ്കളാഴ്‌ച സ്റ്റേ ചെയ്‌തു. അമിത് ഷാ ഒരു കൊലക്കേസ് പ്രതിയെന്ന രാഹുലിന്‍റെ പരാമര്‍ശത്തിനെതിരെ എടുത്ത മാനനഷ്‌ടക്കേസിലെ വിചാരണ നടപടികളാണ് സുപ്രീം കോടതി സ്റ്റേ ചെയ്‌തത്.
ബിജെപി പ്രവർത്തകൻ നവീൻ ഝായാണ് രാഹുലിനെതിരെ മാനനഷ്‌ടക്കേസ് നല്‍കിയത്. ഈ കേസില്‍ വാദം കേള്‍ക്കാൻ തയ്യാറാകാത്ത ജാർഖണ്ഡ് ഹൈക്കോടതി വിധി ചോദ്യം ചെയ്‌ത് രാഹുൽ ഗാന്ധി നൽകിയ പ്രത്യേക ഹർജിയിലാണ് സുപ്രീം കോടതി ഇപ്പോള്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
18.03.2018ലെ എഐസിസി പ്ലീനറി സമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധി ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് പ്രസംഗിച്ചത്. അന്നത്തെ ബിജെപി ദേശീയ അധ്യക്ഷനായ അമിത് ഷാ കൊലക്കേസ് പ്രതിയാണെന്നും രാഹുല്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് നവീൻ ഝാ രാഹുലിനെതിരെ മാനനഷ്‌ടക്കേസ് നല്‍കിയത്.
Be the first to comment