ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോലാറിൽ ഏപ്രിൽ ഒൻപതിന് നടക്കുന്ന ‘ജയ് ഭാരത്’ റാലിയിൽ പങ്കെടുക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോലാറിലെ റാലിയിൽ പങ്കെടുത്തതിന് ശേഷം ഏപ്രിൽ 11-ന്, അദ്ദേഹം പ്രതിനിധാനം ചെയ്തിരുന്ന ലോക്സഭാ മണ്ഡലമായ വയനാട് സന്ദർശിക്കും. കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് ട്വിറ്ററിലൂടെ ഇക്കാര്യങ്ങൾ അറിയിച്ചത്. രാഹുൽ ജനങ്ങളുടെ ശബ്ദമാണ്. അദ്ദേഹത്തെ നിങ്ങൾക്ക് ഒരിക്കലും നിശ്ശബ്ദനാക്കാനാകില്ല. ഈ ശബ്ദം കൂടുതൽ ഉച്ചത്തിലും ശക്തിയിലും മുഴങ്ങുമെന്നും വേണുഗോപാൽ ട്വീറ്റ് ചെയ്തു.
ലോക്സഭാ എം.പി. സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ രാഹുൽ പങ്കെടുക്കുന്ന ആദ്യ പൊതുപരിപാടിയാകും കോലാറിലേത്. 2019-ൽ കോലാറിൽ തിരഞ്ഞെടുപ്പു റാലിക്കിടെ നടത്തിയ പരാമർശമാണ് രാഹുലിന് ലോക്സഭാംഗത്വം നഷ്ടമാകുന്ന കോടതിവിധിയിലേക്ക് വഴിതെളിച്ചത്. മേയ് പത്തിനാണ് കർണാടക നിയസഭാ തിരഞ്ഞെടുപ്പ്. 13-ന് ആണ് വോട്ടെണ്ണൽ.
Be the first to comment