താടി ട്രിം ചെയ്തു കൊടുത്ത ബാർബർക്ക് രാഹുലിന്റെ സർപ്രൈസ് സമ്മാനം

റായ്ബറേലി : വ്യാഴാഴ്ച തന്റെ ബാർബർ ഷോപ്പിന് മുന്നിൽ ഒരു വാഹനം വന്നു നിന്നപ്പോൾ മിഥുനൊന്നും മനസിലായില്ല. രണ്ടുപേർ ചേർന്ന് അതിൽ നിന്ന് ഒരു ഷാംപൂ ചെയർ, മുടിവെട്ടാനുള്ള രണ്ട് കസേരകൾ, ഇൻവെർട്ടർ സെറ്റ് എന്നിവയിറക്കി നേരെ കടയിലെത്തിച്ചു. ഒന്നും മനസിലാവാതെ നിന്ന മിഥുനെ രാഹുൽ ​ഗാന്ധി അയച്ച സമ്മാനങ്ങളാണ് അവയെന്ന് പാർട്ടി പ്രവർത്തകൻ അറിയിച്ചതോടെ യുവാവ് ആദ്യം ഒന്നു‍ഞെട്ടി. 

ഇതുപോലെ മാസങ്ങള്‍ക്ക് മുമ്പും ഒന്നു ഞെട്ടിച്ചുകൊണ്ടായിരുന്നു ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ തന്റെ താടി ട്രിം ചെയ്യുന്നതിന് രാഹുൽ ​ഗാന്ധി ബ്രിജേന്ദ്ര നഗറിലെ ബാർബർ മിഥുൻ്റെ കടയിലെത്തിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മെയ് 13 ന് ലാൽഗഞ്ചിൽ ഒരു പൊതുയോഗത്തിൽ പങ്കെടുക്കുന്നതിനെത്തിയപ്പോഴാണ് രാഹുൽ ​ഗാന്ധി മിഥുൻ്റെ ബാർബർ ഷോപ്പിലെത്തിയത്. താടി ട്രിം ചെയ്യണമെന്നായിരുന്നു ആവശ്യം. ഏറെ നേരം യുവാവുമായി കുശലാന്വേഷണം നടത്തിയ രാഹുൽ മിഥുനോട് നിങ്ങളുടെ മുടി ആരാണ് വെട്ടുന്നതെന്നും ചിലവുകളും വാടകയും അടക്കം ചോദിച്ചു മനസിലാക്കിയിരുന്നു. 

ഇരുവരും തമ്മിലുള്ള സംഭാഷണം അന്ന് സാമൂഹിക മാധ്യമങ്ങൾ കീഴടക്കിയിരുന്നു. രാഹുലിന്റെ വരവോടെ സെലിബ്രിറ്റി ഷോപ്പായി മാറിയ സലൂണിൽ കൂടുതൽ കസ്റ്റമേഴ്സ് എത്തി തുടങ്ങിയത് മിഥുനും ​ഗുണകരമായി. ഇതിന് പിന്നാലെയാണ് മൂന്ന് മാസങ്ങൾക്കിപ്പുറം അപ്രതീക്ഷിത സമ്മാനങ്ങളുമായി മിഥുനെ വീണ്ടും രാഹുൽ ​ഗാന്ധി ഞെട്ടിച്ചത്. വിവിധ ജനവിഭാ​ഗങ്ങളിലുള്ളവരെ സന്ദർശിച്ച് അവരുടെ പ്രവർത്തനങ്ങളും ആവശ്യങ്ങളും ചോദിച്ചുമനസിലാക്കി അവർക്ക് പിന്തുണയും പ്രോത്സാഹനവും നൽകുന്ന രാഹുൽ ​ഗാന്ധിയുടെ പ്രവർത്തി കോൺ​ഗ്രസ് പ്രവർത്തകർക്ക് അഭിമാനവും പ്രചോദനവും നൽകുന്നുവെന്ന് കോൺഗ്രസ് വക്താവ് അൻഷു അവസ്തി പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*