
ട്രെയിനില്‍ സ്ലീപ്പര്‍, എസി ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്നവരില്‍ കുറച്ചുപേര്‍ക്കെങ്കിലും ബെര്‍ത്ത് ഏത് സമയം മുതല്‍ ഉപയോഗിക്കാം എന്നതിനെ സംബന്ധിച്ച് സംശയം കാണാം. ബെര്‍ത്ത് ഉപയോഗിക്കുന്ന സമയത്തെ ചൊല്ലി ട്രെയിനില്‍ യാത്രക്കാര്‍ തമ്മില്‍ വഴക്കും പതിവാണ്. ചിലര്‍ പകല്‍ സമയത്തും റിസര്‍വ് ചെയ്ത സീറ്റാണെന്ന് പറഞ്ഞ് കിടന്ന് യാത്ര ചെയ്യുന്നതും കാണാം. ഇതെല്ലാമാണ് യാത്രക്കാരുടെ ഇടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്.
ഇന്ത്യന്‍ റെയില്‍വേയുടെ നിയമപ്രകാരം റിസര്‍വ് ചെയ്ത ബെര്‍ത്ത് രാത്രി 10 മണി മുതല്‍ രാവിലെ ആറു മണി വരെ ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ശാരീരിക അവശത അനുഭവിക്കുന്നവര്‍ക്കും ഗര്‍ഭിണികള്‍ക്കും കൂടുതല്‍ സമയം ബെര്‍ത്ത് ഉപയോഗിക്കാന്‍ റെയില്‍വേ ഇളവ് നല്‍കുന്നുണ്ട്.
കണ്‍ഫോം ടിക്കറ്റുമായി ക്യാബിനില്‍ പ്രവേശിക്കുന്ന യാത്രക്കാരന് രാത്രി 10 മുതല്‍ 6 മണി വരെ തനിക്ക് അനുവദിച്ചിരിക്കുന്ന ബെര്‍ത്തില്‍ ഉറങ്ങാന്‍ അനുവാദമുണ്ട്. കൂടാതെ താഴെയുള്ള സീറ്റില്‍ ഇരിക്കുന്ന എല്ലാവരും ഈ സമയം അവര്‍ക്ക് അനുവദിച്ചിരിക്കുന്ന ബെര്‍ത്തിലേക്ക് മാറണം. എങ്കിലും യാത്രക്കാരുടെ പരസ്പര സമ്മതത്തില്‍ ഇരിക്കുന്നതിന് കുഴപ്പമില്ല.
മറ്റൊരു കാര്യം എന്തെന്നാല്‍ യാത്രക്കാരന്റെ കണ്‍ഫോമായ സീറ്റ് സൈഡ് അപ്പര്‍ ആണെങ്കില്‍ സൈഡ് ലോവര്‍ സീറ്റില്‍ മറ്റ് രണ്ട് യാത്രക്കാര്‍ ആര്‍എസി ടിക്കറ്റുമായി യാത്ര ചെയ്യുന്നുണ്ടെങ്കിലും ഇതേ നിയന്ത്രണം ബാധകമാണ്. അതായത് താഴെയുള്ള സീറ്റില്‍ സൈഡ് അപ്പര്‍ യാത്രക്കാരന് ഇരിക്കാന്‍ അനുവദിച്ചിരിക്കുന്ന സമയം രാവിലെ 6 മുതല്‍ രാത്രി 10 മണി വരെയാണ്. എന്നിരുന്നാലും പരസ്പര സഹകരണത്തോടെ ഇരിക്കുന്നതിന് കുഴപ്പമില്ല.
മിഡില്‍ ബെര്‍ത്ത് സമയക്രമം
പകല്‍ സമയത്ത് മിഡില്‍ ബെര്‍ത്തിലെ യാത്രക്കാര്‍ക്ക് മറ്റുള്ളവര്‍ക്ക് ഇരിക്കാന്‍ വേണ്ടി അത് മടക്കി വയ്ക്കാം. മിഡില്‍ ബെര്‍ത്തിലെ യാത്രക്കാര്‍ക്ക് രാത്രി 10 മണി മുതല്‍ രാവിലെ 6 മണി വരെ ഇത് ഉറങ്ങാനായി ഉപയോഗിക്കുകയുമാകാം.
ലോവര്‍ ബെര്‍ത്തില്‍ യാത്ര ചെയ്യുന്ന റിസര്‍വ് ചെയ്ത ടിക്കറ്റുള്ള യാത്രക്കാര്‍ക്ക് രാത്രി 10 മണിക്ക് മുമ്പോ രാവിലെ 6 മണിക്കു ശേഷമോ സീറ്റില്‍ ഉറങ്ങാന്‍ കഴിയില്ല.
സൈഡ് അപ്പര്‍ ബെര്‍ത്ത് സമയക്രമം
സൈഡ് അപ്പര്‍ ബെര്‍ത്തില്‍ ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് പകല്‍ സമയത്ത് സീറ്റില്‍ ഇരിക്കാം. സൈഡ് അപ്പര്‍ ബെര്‍ത്തില്‍ ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് രാത്രി 10 മണി മുതല്‍ രാവിലെ 6 മണി വരെ ലോവര്‍ ബെര്‍ത്തില്‍ ഇരിക്കണമെന്ന് ആവശ്യപ്പെടാന്‍ കഴിയില്ല.
സൈഡ് ലോവര്‍ ബെര്‍ത്ത് സമയക്രമം
സൈഡ് ലോവര്‍ ബെര്‍ത്തില്‍ ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് പകല്‍ സമയത്ത് സീറ്റില്‍ ഇരിക്കാം. സൈഡ് അപ്പര്‍, അപ്പര്‍ ബെര്‍ത്ത് യാത്രക്കാര്‍ക്ക് പകല്‍ സമയത്ത് സൈഡ് ലോവര്‍ അല്ലെങ്കില്‍ ലോവര്‍ ബെര്‍ത്തില്‍ ഇരിക്കാന്‍ പൂര്‍ണ്ണ അവകാശമുണ്ട്.
Be the first to comment