‘വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകള്‍ വൈകുന്നത് ഡിസൈൻ പ്രശ്‌നം മൂലമല്ല’; യഥാർത്ഥ കാരണം വെളിപ്പെടുത്തി അശ്വിനി വൈഷ്‌ണവ്

ന്യൂഡൽഹി: ഡിസൈൻ ക്ലിയറൻസ് പ്രശ്‌നങ്ങൾ മൂലം വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ നിർമ്മാണം വൈകുന്നു എന്ന റിപ്പോര്‍ട്ടുകള്‍ തള്ളി റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ്. ഡിസൈൻ ഒരിക്കലും പ്രശ്‌നമല്ലെന്നും ട്രെയിൻ സെറ്റുകൾ നിർമ്മിക്കാനുള്ള പ്രവർത്തികൾ റഷ്യൻ കമ്പനി ഉടന്‍ ആരംഭിക്കുമെന്നും അശ്വിനി വൈഷ്‌ണവ് വ്യക്തമാക്കി.

ട്രെയിനിൽ ടോയ്‌ലറ്റുകളും പാൻട്രി കാറും വേണമെന്ന് ഇന്ത്യൻ റെയിൽവേ ആവശ്യപ്പെട്ടതായി റഷ്യൻ കമ്പനിയായ ട്രാൻസ്‌മാഷ്‌ഹോൾഡിങ് (ടിഎംഎച്ച്) ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഒരു വിഭാഗം മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്‌തിരുന്നു. ട്രെയിനിന്‍റെ രൂപകല്‍പനയിൽ മാറ്റം വരുത്തിയതിനാല്‍ റെയിൽവേ മന്ത്രാലയത്തിന്‍റെ ആശങ്കകൾ കമ്പനി ക്ലിയറൻസിനായി മന്ത്രാലയത്തിന് അയച്ചുവെന്നും, എന്നാൽ മന്ത്രാലയം പ്രതികരിച്ചില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു. കരാർ പ്രകാരം 1,920 സ്ലീപ്പർ കോച്ചുകളാണ് കമ്പനി നിർമ്മിക്കേണ്ടത്.

എന്നാല്‍ റിപ്പോർട്ടുകൾ അടിസ്ഥാന രഹിതമാണെന്ന് അശ്വിനി വൈഷ്‌ണവ് പറഞ്ഞു. കമ്പനിയുടെ പരിമിതമായ നിർമ്മാണ ശേഷിയാണ് യഥാർത്ഥ പ്രശ്‌നമെന്നും മന്ത്രി വെളിപ്പെടുത്തി. റഷ്യയിലെ ട്രെയിനുകൾക്ക് ഇന്ത്യയെ അപേക്ഷിച്ച് കോച്ചുകളുടെ എണ്ണം കുറവായതിനാലാണ് നിര്‍മാണത്തിലെ ഈ ബുദ്ധിമുട്ട് എന്നും മന്ത്രി വിശദീകരിച്ചു.

‘ആറോ എട്ടോ കോച്ചുകളിൽ കൂടുതൽ ട്രെയിൻ സെറ്റ് നിർമ്മിക്കാനുള്ള പരിചയം സ്ഥാപനത്തിനില്ല. വന്ദേ ഭാരതിന്‍റെ ഡിസൈൻ അവർക്ക് നൽകുമെന്ന് ഞങ്ങൾ അവരോട് വ്യക്തമായി പറഞ്ഞിരുന്നു. അവർക്ക് വേണ്ടത് കൂടുതൽ നിർമ്മാണ ടീമുകളാണ്.’ അശ്വിനി വൈഷ്‌ണവ് പറഞ്ഞു.

16/20/24 കോച്ചുകളുള്ള ട്രെയിൻ സെറ്റുകളാണ് നിർമ്മിക്കേണ്ടത് എന്ന് കരാറില്‍ വ്യക്തമായി പറഞ്ഞിരുന്നു എന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ ജനസംഖ്യ കൂടുതലായതിനാല്‍ ചില റൂട്ടുകളിൽ 24 കോച്ചുകളും മറ്റ് റൂട്ടുകളിൽ 16 കോച്ചുകളും ആവശ്യമാണെന്ന് കമ്പനിയോട് വ്യക്തമായി പറഞ്ഞിരുന്നു.

ജനസംഖ്യ കുറവായതിനാൽ റഷ്യയിലെ ട്രെയിനുകൾക്ക് സാധാരണയായി ആറ് മുതൽ എട്ട് കോച്ചുകള്‍ വരെയാണ് ഉള്ളത്. നമുക്ക് 24 വരെ കോച്ചുകളുള്ള ഒരു ട്രെയിൻ സെറ്റ് എന്തിനാണ് എന്ന് അറിയാൻ കമ്പനിക്ക് താത്പര്യമുണ്ടെന്നും അശ്വിനി വൈഷ്‌ണവ് മാധ്യമങ്ങളോട് പറഞ്ഞു. പ്രശ്‌നങ്ങൾ പരിഹരിച്ചെന്നും കോച്ചുകളുടെ പണി ഉടൻ ആരംഭിക്കുമെന്നും അശ്വിനി വൈഷ്‌ണവ് അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*