കേരളത്തിൽനിന്ന് ദേശീയ മത്സരങ്ങൾക്ക് പോകുന്ന കായികതാരങ്ങൾക്ക് ട്രെയിനുകളിൽ പ്രത്യേക കോച്ച് അനുവദിക്കണമെന്ന് കായിക മന്ത്രി അബ്ദുറഹ്മാൻ. ആവശ്യമുന്നയിച്ച് റെയിൽവേ ബോർഡ് ചെയർമാന് കത്തയച്ചു. ബാഡ്മിന്റൺ താരങ്ങൾക്ക് ട്രെയിൻ ടിക്കറ്റ് കിട്ടാത്ത സാഹചര്യത്തിലാണ് മന്ത്രിയുടെ ഇടപെടൽ.
റെയിൽവേ മന്ത്രി അടിയന്തിരമായി ഇടപെടണമെന്നും കത്തിൽ വ്യക്തമാക്കുന്നു.
നിലവിൽ ദേശീയ മത്സരങ്ങൾക്ക് പോകുന്ന കായിക താരങ്ങൾ ട്രെയിൻ യാത്രയ്ക്ക് ഏറെ പ്രയാസപ്പെടുകയാണ്. എമർജൻസി ക്വാട്ടയിൽ അപേക്ഷ നൽകിയാലും മുഴുവൻ പേർക്കും റിസർവേഷൻ ലഭിക്കാത്ത നിലയുണ്ട്. ദേശീയ മത്സരങ്ങളുടെ ഷെഡ്യൂൾ നേരത്തേ നിശ്ചയിക്കാൻ കഴിയാറില്ല. അതുകൊണ്ടു തന്നെ നേരത്തേ റിസർവേഷൻ നടത്താൻ സാധിക്കുന്നില്ല. അടിയന്തിര സാഹചര്യങ്ങളിൽ കായികതാരങ്ങൾക്ക് യാത്രയ്ക്ക് പ്രത്യേക കോച്ച് അനുവദിക്കുകയും എമർജൻസി ക്വാട്ടയിൽ പരമാവധി റിസർവേഷൻ ലഭ്യമാക്കുകയും വേണം. ഇക്കാര്യത്തിൽ റെയിൽവേ അടിയന്തിരമായി ഇടപെടണമെന്ന് മന്ത്രി കത്തിൽ ആവശ്യപ്പെട്ടു.
അതേസമയം, കേരള സ്കൂൾ ബാഡ്മിന്റൺ ടീമിന് ഭോപാലിലേക്കുള്ള യാത്രയ്ക്കായി ടിക്കറ്റ് ലഭിക്കാത്ത സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് ഇടപെട്ടു. റെയിൽവേ സ്റ്റേഷനിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികൾക്ക് തുടർ യാത്രയ്ക്കായി പകരം സംവിധാനം ഒരുക്കി നൽകുമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട കൂടിയാലോചനകൾ നടക്കുകയാണെന്നും വകുപ്പ് കൂട്ടിച്ചേർത്തു.
Be the first to comment