സംസ്ഥാനത്ത് മഴ കുറയുന്നു; നാളെ മുതല്‍ മുന്നറിയിപ്പില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയ്ക്ക് ശമനം. വരും ദിവസങ്ങളില്‍ ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല. ഉരുള്‍ പൊട്ടല്‍ ദുരിതം വിതച്ച വയനാട് ജില്ലയിലെ ഇന്നത്തെ മഴ മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പിന്‍വലിച്ചു. അതേസമയം ഇന്ന് അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ജാഗ്രതയുടെ ഭാഗമായി പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം.

വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യുനമര്‍ദ പാത്തി സ്ഥിതിചെയ്യുന്നു.വടക്കു കിഴക്കന്‍ മധ്യപ്രദേശിനും തെക്കന്‍ ഉത്തര്‍പ്രദേശിനും മുകളില്‍ തീവ്ര ന്യുനമര്‍ദം സ്ഥിതിചെയ്യുന്നു.ഇതിന്റെ ഫലമായി, ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ്.

കേരള തീരത്ത് നാളെ രാത്രി 11.30 വരെ 1.9 മുതല്‍ 2.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. അതേസമയം, കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*