വിജയക്കുതിപ്പ് തുടർന്ന് തലൈവർ; 500 കോടി ക്ലബിൽ ജയിലർ

സൂപ്പർസ്റ്റാർ രജനികാന്തിന്റെ ആക്ഷൻ ത്രില്ലർ ചിത്രം ജയിലർ രണ്ടാം വാരത്തിലും പ്രേക്ഷകരുടെയും ആരാധകരുടെയും മനം കവർന്ന് തീയേറ്ററുകളിൽ വിജയകരമായി മുന്നേറുകയാണ്. ചിത്രമിറങ്ങി 10 ദിവസങ്ങൾ പിന്നിടുമ്പോൾ ഇന്ത്യയിൽ നിന്നു മാത്രം 263.9 കോടി രൂപയുടെ കളക്ഷനാണ് ജയിലർ നേടിയിരിക്കുന്നത്. ലോകമെമ്പാടുമായി 500 കോടി കടക്കാനും ജയിലറിന് കഴിഞ്ഞു.

രണ്ടാം ശനിയാഴ്ച ചിത്രം ബോക്‌സ് ഓഫീസിൽ 18 കോടി രൂപയാണ് നേടിയത്. തമിഴിനാട്ടിൽ നിന്നും ജയിലറിന് 53.79 ശതമാനവും തെലങ്കാനയിൽ നിന്നും 46.73 ശതമാനവും കളക്ഷൻ നേടിയതായാണ് റിപ്പോർട്ട്. ഓ​ഗ്സറ്റ് 10ന് തീയേറ്ററുകളിൽ എത്തിയ ചിത്രം 10 ദിവസങ്ങൾ കൊണ്ട് 500 കോടി ക്ലബിൽ ഇടം പിടിക്കുന്നതെന്ന പ്രത്യേകതയും ഉണ്ട്. എന്തിരൻ 2.0, പൊന്നിയിൻ സെൽവൻ എന്നീ ചിത്രങ്ങൾക്ക് ശേഷം 500 കോടി ക്ലബ്ബിൽ ഇടം പിടിക്കുന്ന മൂന്നാമത്തെ തമിഴ് ചിത്രമാണ് ജയിലർ. രജനികാന്ത് – ഷങ്കർ കൂട്ടുകെട്ടിൽ ഏഴ് ദിവസം കൊണ്ട് 500 കോടി ക്ലബിൽ ഇടം പിടിച്ച എന്തിരൻ 2.0യ്ക്ക് ശേഷം ഏറ്റവും വേഗത്തിൽ 500 കോടി ക്ലബിൽ ഇടം പിടിക്കുന്ന രണ്ടാമത്തെ തമിഴ് ചിത്രമാണ് ജയിലർ.

നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ തെന്നിന്ത്യൻ സൂപ്പർ താരങ്ങളുടെ സാന്നിധ്യവും ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മലയാള താരമായ വിനായകൻ ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തിയപ്പോൾ കാമിയോ റോളിൽ സൂപ്പർ താരം മോഹൻലാലും കന്നഡ സൂപ്പർ താരം ശിവരാജ് കുമാറും ബോളിവുഡ് താരം ജാക്കി ഷ്രോഫും എത്തിയതോടെ ജയിലർ മാസ് എന്റർടെയിനറിന്റെ ദൃശ്യവിസ്മയമാണ് ആരാധകർക്കായി ഒരുക്കിയിരിക്കുന്നത്.

പ്രിയങ്ക മോഹൻ, രമ്യാ കൃഷ്ണൻ, യോഗി ബാബു, വസന്ത് രവി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. സൺ പിക്‌ചേഴ്‌സ് നിർമിക്കുന്ന ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. 

Be the first to comment

Leave a Reply

Your email address will not be published.


*