
രാജീവ് ചന്ദ്രശേഖർ പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് എത്തി. ബിജെപി സംസ്ഥാന അധ്യക്ഷനായ ശേഷമുള്ള ആദ്യ സന്ദർശനമാണിത്. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുമായി രാജീവ് ചന്ദ്രശേഖർ കൂടിക്കാഴ്ച നടത്തി. ബിജെപി നേതാക്കളായ എസ് സുരേഷ്, രാധാകൃഷ്ണ മേനോൻ എന്നിവർക്കൊപ്പമാണ് അദ്ദേഹം പെരുന്നയിലേക്ക് എത്തിയത്.
മറ്റ് രാഷ്ട്രീയ വിഷയങ്ങൾ ചർച്ചചെയ്യാനല്ല പകരം ജി സുകുമാരൻ നായരുടെ അനുഗ്രഹം തേടാനാണ് എത്തിയതെന്ന് രാജീവ്ചന്ദ്രശേഖർ പ്രതികരിച്ചു. കേരളത്തിന്റെ വികസനത്തിനായി എല്ലാവരും കൂടെ ഉണ്ടാകണം എന്നാണ് ബിജെപി ആഗ്രഹിക്കുന്നത്. വഖഫ് ബില്ലിന് മുൻകാല പ്രാബല്യം ഇല്ല എന്ന വാദം തെറ്റാണ്. മുനമ്പം ജനതയുടെ പ്രശ്നങ്ങൾക്കൊപ്പം ആരാണ് നിന്നതെന്ന കാര്യം ഇതിനകം വ്യക്തമായെന്നും കേരളത്തിലെ എംപിമാർ അവരുടെ കടമ നിർവ്വഹിച്ചിട്ടില്ലെന്നും രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി.
കോൺഗ്രസും സിപിഐഎമ്മും പാർലമെന്റിൽ നുണ പ്രചരിപ്പിക്കുകയാണ് ചെയ്തത്. നാണംകെട്ട രാഷ്ട്രീയമാണ് അവർ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ജി സുകുമാരൻനായരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായും രാജീവ് ചന്ദ്രശേഖർ കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളിയുടെ വസതിയിലെത്തിയാകും കൂടിക്കാഴ്ച നടക്കുക എന്നാണ് റിപ്പോർട്ടുകൾ.
Be the first to comment