മൃതദേഹവുമായി എയർ ഇന്ത്യ ഓഫീസിന് മുന്നിലെ പ്രതിഷേധം അവസാനിപ്പിച്ച് രാജേഷിന്റെ കുടുംബം

തിരുവനന്തപുരം: ഒമാനിൽ മരിച്ച പ്രവാസി മലയാളി നമ്പി രാജേഷിന്റെ മൃതദേഹവുമായി ബന്ധുക്കൾ നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു. മൃതദേഹവുമായി എയർ‌ ഇന്ത്യ എക്സ്പ്രസിന്റെ ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധമാണ് അവസാനിപ്പിച്ചത്. സംസ്ക്കാര‌ ചടങ്ങുകൾക്ക് ശേഷം എയർ ഇന്ത്യ അധികൃരുമായി ച‍ർച്ച നടത്താമെന്ന ഉറപ്പിലാണ് പ്രതിഷേധം താത്കാലികമായി അവസാനിപ്പിച്ചിരിക്കുന്നതെന്ന് തമ്പാനൂർ എസ്എച്ച്ഒ അറിയിച്ചു..

മൃതദേഹം വീട്ടിലെത്തിച്ചു. ഇവിടെ പൊതുദ‍ർശനത്തിന് വച്ച ശേഷം തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിക്കും. ഉച്ചയ്ക്ക് ഒരുമണിയോടെ സംസ്കാരച്ചടങ്ങുകൾ നടക്കും. രാജേഷിന്റെ മരണത്തിൽ എയ‍ർഇന്ത്യ നഷ്ടപരിഹാരം നൽകണമെന്നതാണ് ബന്ധുക്കളുടെ ആവശ്യം. രാജേഷിന്റെ ഭാര്യ അമൃതയുടെ അച്ഛൻ ഓഫീസിനകത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. അധികൃതർ മറുപടി പറയുന്നത് വരെ പ്രതിഷേധം തുടരുമെന്നും മൃതദേഹം കൊണ്ടുപോയാലും കുത്തിയിരിക്കുമെന്നുമായിരുന്നു അമൃതയുടെ അച്ഛൻ പറഞ്ഞിരുന്നത്.

ജീവനോടെ കാണാനാഗ്രഹിച്ച കുടുംബത്തിന് മുന്നിലേക്ക് ചേതനയറ്റ രാജേഷിന്റെ മൃതദേഹമാണ് ഇന്ന് രാവിലെ എത്തിയത്. എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരത്തെ തുടർന്നാണ് കുടുംബത്തിന് രാജേഷിനെ കാണാൻ സാധിക്കാതിരുന്നത്. മെയ് ഏഴിനാണ് രാജേഷ് കുഴഞ്ഞുവീണത്. പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാജേഷിന്റെ ഭാര്യ അമൃത രണ്ട് തവണ ഒമാനിലേക്ക് പോകാൻ ടിക്കറ്റെടുത്തിരുന്നെങ്കിലും സമരം കാരണം യാത്ര മുടങ്ങി. മെയ് 13ന് രാജേഷ് ഒമാനിൽ വച്ച് മരിച്ചു. കരമന സ്വദേശിയാണ് രാജേഷ്.

 

Be the first to comment

Leave a Reply

Your email address will not be published.


*