രാജീവ് ഗാന്ധി: ഇന്ത്യൻ രാഷ്ട്രീയത്തിലെ ഹൃദയഭേദകമായ രക്തസാക്ഷിത്വം

ഒരു ദുരന്തത്തുടര്‍ച്ചയിലായിരുന്നു രാജീവ് ഗാന്ധിയുടെ രാഷ്ട്രീയ അരങ്ങേറ്റം. ഗാന്ധി കുടുംബത്തിൻ്റെ രാഷ്ട്രീയ പിൻഗാമികളുടെ ചിത്രത്തിലെവിടെയും രാജീവി ഗാന്ധി ഉണ്ടായിരുന്നില്ല. അമ്മ ഇന്ദിരാഗാന്ധിയുടെ രാഷ്ട്രീയ പിന്‍ഗാമിയെന്ന് രാജ്യം ഉറപ്പിച്ചത് സഹോദരന്‍ സഞ്ജയ് ഗാന്ധിയെയായിരുന്നു. പാർട്ടിയിൽ ഇന്ദിരയുടെ തലയും കൈയും സഞ്ജയ് ഗാന്ധിയാണെന്ന നിലയിലേയ്ക്ക് മാറിയ ഒരു കാലഘട്ടമുണ്ടായിരുന്നു. അന്നെല്ലാം എയർ ഇന്ത്യയുടെ വിമാനം പറത്തുന്ന ജോലി ആസ്വദിച്ച് പൊതുരംഗത്ത് നിന്നും തീർത്തും അകന്നു നിന്ന് സ്വകാര്യ ജീവിതം നയിക്കുകയായിരുന്നു രാജീവ് ഗാന്ധി.

പൊതുരംഗത്തേയ്ക്കുള്ള രാജീവ് ഗാന്ധിയുടെ കടന്ന് വരവ് ആകസ്മികമായിരുന്നു. 1980 ജൂണ്‍ 23ന് സഹോദരൻ സഞ്ജയ് ഗാന്ധി വിമാനാപകടത്തിൽ മരിച്ചതോടെയാണ് രാജീവ് പൊതുരംഗത്തേയ്ക്ക് കടന്ന് വരുന്നത്. സഞ്ജയിന്റെ മരണത്തെ തുടര്‍ന്ന് ഒഴിവുവന്ന അമേഠി ലോക്സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ രാജീവ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി. വോട്ടെണ്ണിയപ്പോള്‍ 2,37,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ലോക്‌സഭയിലേക്ക്.

മറ്റൊരു ദുരന്തമാണ് ചെറിയ പ്രായത്തിൽ രാജീവിനെ പ്രധാനമന്ത്രി പദത്തിലേയ്ക്കും എത്തിച്ചത്. 1984 ഒക്ടോബര്‍ 31ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധി സ്വന്തം അംഗരക്ഷകരാല്‍ കൊല്ലപ്പെട്ടു. സുവര്‍ണക്ഷേത്രത്തിലെ സൈനിക നടപടിയില്‍ പ്രകോപിതരായ സിഖ് അംഗരക്ഷകർ ഇന്ദിരയ്ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. വിവരമറിഞ്ഞ് കൊല്‍ക്കത്തയില്‍ നിന്ന് ഡല്‍ഹിയിലേക്ക് വിമാനം കയറിയ രാജീവിന് മുന്നില്‍, യാത്രമധ്യേ പ്രണാബ് മുഖര്‍ജി ഒരു അഭ്യര്‍ത്ഥന വെച്ചു. രാജ്യത്തിന്‍റെ പ്രധാനമന്ത്രിപദം ഏറ്റെടുക്കണം. രാജീവ് പകച്ച് നിന്നില്ല. വൈകിട്ട് 6.45ന് രാഷ്ട്രപതി ഭവനിലെ അശോകാ ഹാളില്‍ വെച്ച് രാജ്യത്തിൻ്റെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

40-ാം വയസ്സിൽ സ്വതന്ത്രഇന്ത്യയുടെ ആറാം പ്രധാനമന്ത്രിയായി അധികാരമേറ്റു. തൊട്ടുപിന്നാലെ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ 414 സീറ്റുകളെന്ന രാജ്യം കണ്ട ഏറ്റവും വലിയ ഭൂരിപക്ഷത്തിലേക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയെ രാജീവ് നയിച്ചു. രാജ്യത്തിനും കാഴ്ചപ്പാടിനും പുതിയ സമീപനം സംഭാവന ചെയ്ത പ്രധാനമന്ത്രിയായിരുന്നു രാജീവ്. പല പുതിയ തുടക്കങ്ങൾക്കും തന്‍റെ ഭരണകാലത്ത് അടയാളപ്പെടുത്താൻ രാജീവിനായി. ഇന്ത്യന്‍ ടെലികോം വിപ്ലവത്തിനും ഡിജിറ്റല്‍ യുഗത്തിലേക്കുള്ള രാജ്യത്തിന്‍റെ കാല്‍വെപ്പിനുമെല്ലാം തുടക്കം കുറിച്ചതില്‍ രാജീവ് ഗാന്ധിയുടെ ഭാവനാപൂര്‍ണമായ ഇടപെടല്‍ പ്രസക്തമാണ്.

ബോഫേഴ്സ് കേസ് അടക്കമുള്ള വിവാദങ്ങൾ രാജീവിൻ്റെ പ്രതിച്ഛായ ഇടിച്ചു. പാളയത്തിൽ തോളിൽ കൈയ്യിട്ടുനടന്ന നേതാക്കൾ ഒഴിഞ്ഞു പോയി. വിവാദങ്ങളും അഴിമതി ആരോപണങ്ങളും അണമുറിയാതെ പൊയ്തുനിറഞ്ഞപ്പോള്‍ 1989 ലെ പൊതുതെരഞ്ഞെടുപ്പില്‍ കോൺഗ്രസും രാജീവും പരാജയപ്പെട്ടു. കൈവിട്ട അധികാരം തിരിച്ചുപിടിക്കാനാവുമെന്ന ആത്മവിശ്വാസത്തിലായിരുന്നു 1991-ലെ പൊതുതിരഞ്ഞെടുപ്പിനെ രാജീവ് നേരിട്ടത്. 1991 മേയ് 21ന് തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കെത്തിയ രാജീവ് ഗാന്ധിയുടെ സമീപത്തേയ്ക്ക് തനുവെന്ന മനുഷ്യചാവേർ നടന്നെത്തി സ്വയം പൊട്ടിത്തെറിച്ചു. തമിഴ്പുലികൾ ആസൂത്രണം ചെയ്ത ചാവേറാക്രമണത്തില്‍ രാജീവ് ഗാന്ധിയുടെ ശരീരം ചിന്നിച്ചിതറി. ഒരു ദശാബ്ദം മാത്രം നീണ്ട സംഭവബഹുലമായ ആ രാഷ്ടീയ ജീവിതം ഒരു കണ്ണീരോര്‍മയായി.

Be the first to comment

Leave a Reply

Your email address will not be published.


*